തിരുവനന്തപുരം: ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി നാളെ കളിയിക്കാവിള മുതൽ കാസർകോഡ് വരെ നടക്കുന്ന മനുഷ്യമഹാശൃംഖല വിജയിപ്പിക്കണമെന്ന് എൽ.ഡി.എഫ് ജില്ലാകമ്മിറ്റി അഭ്യർത്ഥിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ,​ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ അണിചേരും. പാറശാല ഇഞ്ചിവിള എ.കെ.ജി നഗറിൽ ചേരുന്ന യോഗത്തിൽ എം.എ.ബേബിയും കെ.പ്രകാശ് ബാബുവും സംസാരിക്കും. നെയ്യാറ്റിൻകരയിൽ ‌ഡോ.തോമസ് ഐസക്കും കിള്ളിപ്പാലത്ത് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവനും അണിചേരും. ഇതോടൊപ്പം ജില്ലയിൽ നടക്കുന്ന പൊതുയോഗങ്ങളിൽ എം.എൽ.എമാരും എൽ.ഡി.എഫ് നേതാക്കളും പങ്കെടുക്കും.