serena
serena

സെറീന വില്യംസ്, നവോമി, ഒസാക്ക, കരോളിൻ വൊസ്‌നിയാക്കി, സിസ്റ്റിപ്പാസ് മൂന്നാം റൗണ്ടിൽ പുറത്ത്

ഫെഡററും നൊവാക്കും പ്രീക്വാർട്ടറിൽ

മെൽബൺ : ആസ്ട്രേലിയൻ ഓപ്പണിൽ ഇന്നലെ കണ്ണീരൊഴുക്കിൽ വെള്ളിയാഴ്ചയായിരുന്നു. അട്ടിമറികൾ ഒഴിഞ്ഞു നിന്ന ആദ്യ നാലും ദിവസങ്ങൾക്ക് ശേഷം വമ്പൻ താരങ്ങളെല്ലാം ഇന്നലെ കൂട്ടത്തോടെ കടപുഴകി.

ഏഴ് തവണ മെൽബണിൽ കിരീടമുയർത്തിയിട്ടുള്ള സെറീന വില്യംസ്, നിലവിലെ വനിതാ ചാമ്പ്യനായ നവോമി ഒസാക്ക, ഈ ‌ടൂർണമെന്റോടെ ടെന്നിസ് കരിയറിനോട് വിട വാങ്ങൽ പ്രഖ്യാപിച്ച കരോളിൻ വൊസ്‌നിയാക്കി, ഗ്രീക്ക് യുവതാരം സ്റ്റാൻസിലാസ് സെസ്റ്റിപ്പാസ് എന്നിവരാണ് ഇന്നലെ മൂന്നാം റൗണ്ടിൽ അടി തെറ്റി വീണത്. ഈ വൻ വീഴ്ചകൾക്കിടയിൽ രക്ഷപ്പെട്ടത് മുൻ ചാമ്പ്യൻ റോജർ ഫെഡററും നിലവിലെ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ചും വനിതാ സിംഗിൾസിലെ ടോപ് സീഡ് ആഷ്‌ലി ബാർട്ടിയുമാണ്.

എട്ടാം സീഡായി മത്സരിക്കാനിറങ്ങിയ സെറീനയെ മൂന്നാം റൗണ്ടിൽ അട്ടിമറിച്ചത് 27-ാം സീഡ് ചൈനീസ് താരം ക്വിയാംഗ് വാംഗാണ്. രണ്ട് മണിക്കൂർ 41 മിനിട്ട് നീണ്ട മൂന്ന് സെറ്റ് പോരാട്ടത്തിൽ 6-4, 6-7 (2/7), 7-5 എന്ന സ്കോറിനാണ് വാംഗ് 23 ഗ്രാൻസ്ളാം കിരീടങ്ങൾക്ക് ഉടമയായ സെറീനയെ വിറപ്പിച്ചത്.

2017ൽ മെൽബണിലാണ് സെറീന തന്റെ അവസാന ഗ്രാൻസ്ളാം കിരീടം നേടിയിരുന്നത്. തുടർന്ന് മകൾക്ക് ജനമം നൽകാനായി കോർട്ടിൽ നിന്ന് അവധിയെടുത്ത സെറീന തിരിച്ചുവന്നത് 24 ഗ്രാൻസ്ലാം കിരീടങ്ങളെന്ന മാഗ്‌നറ്റ് കോർട്ടിന്റെ റെക്കാഡ് ലക്ഷ്യമിട്ടാണ്. ആ റെക്കാഡ് നേടാമെന്നാണ് പ്രതീക്ഷയെന്നും അതുവരെ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും 38 കാരിയായ സെറീന പറഞ്ഞു.

ഗുഡ്ബൈ, കരോളിൻ

കുടുംബ ജീവിതത്തിനായി കരിയർ അവസാനിപ്പിക്കുന്ന മുൻ ലോക ഒന്നാം നമ്പർ കരോളിൻ വൊസ്‌നിയാക്കിക്ക് ഇന്നലെ മടക്ക ടിക്കറ്റ് നൽകിയത് ടുണീഷ്യക്കാരി ഓൻസ് ജബേയുറാണ്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 7-5, 3-6, 7-5 എന്ന സ്കോറിനായിരുന്നു ജബേയുറിന്റെ വിജയം.

30 ഡബ്ളിയു.ടി.എ കിരീടങ്ങൾ നേടിയിട്ടുള്ള കരോളിന്റെ ഏക ഗ്രാൻസ്ളാം നേട്ടം 2018ൽ മെൽബണിലായിരുന്നു. 2010ൽ ആദ്യമായി ലോക ഒന്നാം നമ്പരായ വൊസ്‌നിയാക്കി 2018ൽ ആസ്ട്രേലിയൻ ഓപ്പൺ നേടിയ ഒന്നാം റാങ്കിലേക്ക് തിരിച്ചെത്തിയിരുന്നു. 36-ാം റാങ്കുകാരിയാണ് വിരമിച്ചത്.

നിലവിലെ ചാമ്പ്യനും മുൻ ഒന്നാം നമ്പരുമായ അമേരിക്കൻ താരം നവോമി ഒസാക്കയെ അട്ടിമറിച്ചത് സ്വന്തം നാട്ടുകാരിയായ 15 വയസ് മാത്രം പ്രായമുള്ള അത്ഭുത പ്രതിഭ കോക്കോ ഗൗഫാണ്. 6-3, 6-4 എന്ന സ്കോറിനായിരുന്നു ഗൗഫിന്റെ വിജയം. ആദ്യ റൗണ്ടിൽ വീനസ് വില്യംസിനെയും ഗൗഫ് തോൽപ്പിച്ചിരുന്നു.

കഴിഞ്ഞ വർഷം സെമി ഫൈനൽ വരെയെത്തി വിസ്മയം സൃഷ്ടിച്ച ഗ്രീക്ക് താരം സ്റ്റെഫാനോസ് സിസ്റ്റിപ്പാസിനെ കനേഡിയൻ താരവും 35-ാം റാക്കുകാരനുമായ വിലാസ് റാവോണിച്ചാണ് 7-5, 6-4, 7-6 എന്ന സ്കോറിന് തോൽപ്പിച്ചത്.

മെൽബണിൽ ആറ് കിരീടങ്ങൾ നേടിയിട്ടുള്ള ഫെഡറർ ഇന്നലെ കഷ്ടിച്ചാണ് തോൽവിയിൽ നിന്ന് രക്ഷപ്പെട്ടത്. അഞ്ച് സെറ്റ് നീണ്ട മത്സരത്തിൽ ആസ്ട്രേലിയൻ താരം ജോൺ മിൽമാനെ 4-6, 7-6 (7/2), 6-4, 4-6, 7-5 (10/8)എന്ന സ്കോറിനാണ് ഫെഡറർ തോൽപ്പിച്ചത്. 4 മണിക്കൂർ മൂന്ന് മിനിട്ടാണ് മത്സരം നീണ്ടത്.

100

ഫെഡററുടെ ആസ്ട്രേലിയൻ ഓപ്പണിലെ നൂറാം വിജയമായിരുന്നു ഇത്.

നൊവാക്ക് 6-3, 6-2, 6-2 ന് ജാപ്പനീസ് താരം നിഷിയോക്കയെയും ആഷ്ലി ബാർട്ടി 6-3, 6-2 ന് റൈബാക്കിനയെയും തോൽപ്പിച്ചു.

പുരുഷ ഡബിൾസിൽ ഇന്ത്യയുടെ ദ്വിജ് ശരൺ ആസ്ട്രേലിയയുടെ സിറ്റാക്ക് സഖ്യം രണ്ടാം റൗണ്ടിൽ തോറ്റ് പുറത്തായി.