തിരുവനന്തപുരം:കെ.പി.സി.സി പുനഃസംഘടനയിൽ ജനറൽസെക്രട്ടറി പദത്തിലെത്തിയ മണക്കാട് സുരേഷ് തലസ്ഥാനത്ത് കോൺഗ്രസിലെ ശ്രദ്ധേയ മുഖമാണ്.എൺപതുകളിലും തൊണ്ണൂറുകളിലും തലസ്ഥാനത്തെ വിദ്യാർത്ഥി, യുവജന പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ സുരേഷ് കഴിഞ്ഞ കെ.പി.സി.സി സമിതിയിൽ സെക്രട്ടറിയായിരുന്നു.
1982ൽ അട്ടക്കുളങ്ങര ഗവ.സെൻട്രൽ ഹൈസ്കൂളിൽ സ്കൂൾ ലീഡറായി കെ.എസ്.യുവിന് വേണ്ടി മത്സരിച്ച് ജയിച്ചാണ് വിദ്യാർത്ഥിരാഷ്ട്രീയത്തിൽ സജീവമായത്. പ്ലസ്ടു വിവാദത്തിൽ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ പങ്കെടുത്ത ബൈപ്പാസ് ഉദ്ഘാടനച്ചടങ്ങിൽ വേദിയിൽ കയറി പ്രതിഷേധിച്ചതിന് സി.പി.എം പ്രവർത്തകരുടെയും പൊലീസിന്റെയും മർദ്ദനമേറ്റുവാങ്ങേണ്ടിവന്നു. നിരവധി തവണ ജയിൽവാസവുമനുഭവിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ് മുതൽ ജില്ലാ പ്രസിഡന്റ് വരെയുള്ള പദവികൾ വഹിച്ചു. ഡി.സി.സി ജനറൽസെക്രട്ടറിയുമായിട്ടുണ്ട്. മണക്കാട് എൻ. ബാലകൃഷ്ണൻ നായരുടെയും കെ. അമ്മുക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: ലിജു. മക്കൾ: എസ്. അനന്തകൃഷ്ണൻ (സോഫ്റ്റ്‌വെയർ എൻജിനിയർ), എസ്. പാർവതി (മൂന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിനി).