kaliyikkavila-murder-case

തിരുവനന്തപുരം: കളിയിക്കാവിള ചെക്ക് പോസ്റ്റിൽ തമിഴ്‌നാട് എ.എസ്.ഐ വിൽസണെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ഭീകരബന്ധം വ്യക്തമാക്കുന്ന ഒരു കുറിപ്പും കുത്താൻ ഉപയോഗിച്ച കത്തിയും പൊലീസിന് ലഭിച്ചു.

മുഖ്യപ്രതികളായ അബ്ദുൽ ഷമീമിനെയും തൗഫീക്കിനേയും തിരുവനന്തപുരത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് തമിഴ്‌നാട് പൊലീസ് തെളിവുകൾ ശേഖരിച്ചത്
കൊലപാതകം നടന്ന ചെക്ക് പോസ്റ്റിൽ ഇന്ന് പ്രതികളെ എത്തിച്ച് തെളിവെടുക്കും.
ഇന്നലെ രാവിലെ തിരുവനന്തപുരം മണക്കാട്, കുമരിച്ചന്ത പ്രദേശങ്ങളിൽ പ്രതികൾക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിലും വീടുകളിലും എത്തിച്ചു. തുടർന്ന് തമ്പാനൂർ കെ.എസ്. ആർ.ടി.സി ബസ്‌സ്റ്റാൻഡ് പരിസരത്ത് എത്തിച്ചപ്പോഴാണ് കത്തി കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതികൾ കളിയിക്കാവിളയിൽ നിന്ന് ബസിൽ എറണാകുളത്തേക്ക് പോകും വഴി കത്തി തമ്പാനൂരിൽ ഉപേക്ഷിക്കുകയായിരുന്നു.
ഇപ്പോൾ വിതുരയിൽ താമസിക്കുന്ന കളിയിക്കാവിള സ്വദേശി സെയ്ദലി വാടകയ്‌ക്ക് എടുത്തു നൽകിയ പത്താംകല്ലിലെ വീട്ടിലും തെളിവെടുപ്പ് നടത്തി.
അവിടെനിന്ന് പൊലീസ് പ്രതികളുമായി ഉച്ചയോടെ നെയ്യാറ്റിൻകര ടി.ബി ജംഗ്ഷനിലെ ദേവാലയത്തിൽ എത്തി. ദേവാലയത്തിലെ താത്കാലിക ജീവനക്കാരനായ ജാഫറിന്റെ വീട്ടിൽ പ്രതികൾ സൂക്ഷിക്കാനേൽപ്പിച്ച ബാഗ് പൊലീസ് കണ്ടെടുത്തു. ഇന്ത്യയെ പാകിസ്ഥാൻ ആക്കി മാറ്റുന്നതു വരെ പോരാട്ടം തുടരും - ഐ.എസ്.ഐ എന്നെഴുതിയ കുറിപ്പാണ് ബാഗിൽ നിന്ന് പ്രതികൾ എടുത്ത് പൊലീസിന് നൽകിയത്. ബംഗളൂരുവിൽ പിടിയിലായ ഖ്വാജാ മൊയ്ദീനാണ് നേതാവെന്നും കുറിപ്പിലുണ്ട്. മെഹ്ബൂബ് പാഷ അടക്കമുള്ളവരുടെ പേരുകളും എഴുതിയിട്ടുണ്ട്. കുറിപ്പിനെ പറ്റി വിശദമായി അന്വേഷിക്കുന്നതായി തമിഴ്‌നാട് പൊലീസ് അറിയിച്ചു. നെയ്യാറ്റിൻകരയിൽ നിന്ന് ലഭിച്ച കൂടുതൽ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പൊലീസ് ഇവരെ ഇവിടേക്ക് കൊണ്ടു വന്നത്. തുടർന്ന് പ്രതികളെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി.