കോവളം : ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വനിതാ ജീവനക്കാരിയെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത കേസ് വിഴിഞ്ഞം പൊലീസ് അട്ടിമറിച്ചതായി ആരോപിച്ച് സി.പി.ഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. നെയ്യാറ്റിൻകര തഹസിൽദാർ ഒാഫീസിലെ ഫീൽഡ് സർവേയറായ സൗമ്യയ്ക്ക് നേരെയാണ് കൈയേറ്റം ഉണ്ടായത്. പരാതി നൽകി ഒരുമാസത്തോളമായിട്ടും പ്രതികളെ സംരക്ഷിച്ച് കേസ് അട്ടിമറിക്കാൻ വിഴിഞ്ഞം എസ്.ഐയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായി പ്രതിഷേധക്കാർ ആരോപിച്ചു. കഴിഞ്ഞ ഡിസംബർ 26 ന് അടിമലത്തുറയിൽ സർവേയ്ക്കെത്തിയപ്പോഴാണ് ആക്രമണത്തിനിരയായത്. അളവ് നടപടികൾ ആരംഭിക്കുന്നതിനിടെ സ്ഥലവുമായി ബന്ധപ്പെട്ട് തർക്കമുള്ള എതിർകക്ഷികൾ തങ്ങൾക്ക് ഇതു സംബന്ധിച്ച് അറിയിപ്പോ നോട്ടീസോ ലഭിച്ചില്ലെന്ന് പരാതിപ്പെട്ടതിനെ തുടർന്ന് അളവ് നടപടികൾ നിറുത്തിവച്ച് മടങ്ങാൻ ശ്രമിക്കവെ അളവ് നടത്തിയശേഷം പോയാൽ മതിയെന്നു പറഞ്ഞ് ചിലർ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്യുകയായിരുന്നു. വസ്തു അളന്ന് നൽകണമെന്ന് അപേക്ഷ നൽകിയവരുടെ ആളുകളാണ് തന്നെ ആക്രമിച്ചതെന്ന് സൗമ്യ പരാതിയിൽ പറയുന്നു. പ്രതികളുടെ പേരുൾപ്പെടെ പരാതി നൽകിയിട്ടും പ്രതികളെ പിടികൂടാനോ നടപടി സ്വീകരിക്കാനോ പൊലീസ് തയ്യാറായില്ല. തുടർന്ന് റവന്യൂ മന്ത്രി, ജില്ലാ കളക്ടർ, ഡി.ജി.പി തുടങ്ങിയവർക്കും പരാതി നൽകി. എന്നിട്ടും നടപടി സ്വീകരിക്കാൻ വിഴിഞ്ഞം പൊലീസ് തയാറാകാത്തതോടെയാണ് മാർച്ച് നടത്തിയത്. കെ.പി.ഗോപകുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു. നേതാക്കളായ സജീവ് കുമാർ, ശ്രീകുമാർ, ശിവരാജൻ, യു.സിന്ധു തുടങ്ങിയവർ നേതൃത്വം നൽകി.