indian-constitution-

ഇന്ന് റിപ്പബ്ളിക്ക് ദിനം. ഇന്ത്യൻ ഭരണഘടനയ്ക്ക് എഴുപത് വയസ് പൂർത്തിയാവുന്നു. ഭരണഘടനയോടുള്ള നമ്മുടെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത പുതുക്കാനുള്ള അവസരം കൂടിയാണിത്. ലോകത്ത് എഴുതപ്പെട്ടതിൽ ഏറ്റവും വലിയ ഭരണഘടന എന്ന ഖ്യാതിയും നമ്മുടെ ഭരണഘടനയ്‌ക്കുണ്ട്. ജനാധിപത്യത്തിന്റെ ആധാരശിലയായി വാഴ്ത്തപ്പെടുന്ന ഈ നിയമസംഹിത സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ഉൽക്കൃഷ്ട മൂല്യങ്ങളാണ് വിളംബരം ചെയ്യുന്നത്.

ഡോ. അംബേദ്‌കർ ചെയർമാനായ ഡ്രാഫ്‌റ്റിംഗ് കമ്മിറ്റിയാണ് ഭരണഘടനയുടെ കരട് തയ്യാറാക്കിയത്.

ഭരണഘടനാ നിർമ്മാണസഭ 1949 നവംബർ 26ന് അംഗീകാരം നൽകിയെങ്കിലും 1950 ജനുവരി 26നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്.

''ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്കായി രൂപകല്പന ചെയ്യുന്നു" എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്. പരമാധികാരം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നതെന്ന വ്യക്തവും ശക്തവുമായ സന്ദേശം കൂടിയാണിത്.

ഇന്ത്യൻ ഭരണഘടന മതേതരത്വമാണ് വിഭാവന ചെയ്യുന്നത്. എല്ലാ മതങ്ങൾക്കും തുല്യപ്രസക്തിയുള്ള രാജ്യമെന്നാണ് സെക്യുലർ സ്റ്റേറ്റ് അഥവാ മതേതര രാഷ്ട്രം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. മതസഹിഷ്ണുതയിലേക്കുള്ള ഭാവാത്മക സമീപനം കൂടിയാണിത്.

ജാതിമത ചിന്തകളുടെ അതിപ്രസരം വെല്ലുവിളികളുയർത്തുന്ന സമകാലീന സന്ദർഭത്തിൽ ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ചുള്ള ശാസ്ത്രീയവും സമഗ്രവും ജീവിതഗന്ധിയുമായ കാഴ്ചപ്പാട് സ്വരൂപിക്കേണ്ടതുണ്ട്. മതാധിഷ്ഠിത രാഷ്ട്രസങ്കല്പവും മതേതര രാഷ്ട്രീയ വീക്ഷണവും രണ്ട് ധ്രവുങ്ങളാണ്. ഇവയ്ക്കിടയിൽ പാലം പണിയാൻ കഴിയില്ല. ഇന്ത്യൻ ജനതയെ ഐക്യദാർഢ്യത്തോടെ നിലനിറുത്തുന്ന ഏറ്റവും ഫലപ്രദവും ക്രിയാത്മകവുമായ സമീപനമായിട്ടാണ് മതേതരത്വത്തെ സംരക്ഷിക്കേണ്ടത്.

ഭരണഘടനാ മൂല്യങ്ങളുടെ ഗാംഭീര്യവും അർത്ഥപൂർണിമയും മനസിലാക്കി വസ്തുനിഷ്ഠമായ പഠനത്തിലൂടെയും സ്വയം വിമർശനത്തിലൂടെയും നമ്മുടെ കാഴ്ചപ്പാടും ശൈലിയും നവീകരിക്കേണ്ടതുണ്ട്. ഭരണഘടന വിഭാവന ചെയ്യുന്ന മഹനീയ ലക്ഷ്യങ്ങൾ സാക്ഷാത്‌കരിക്കുന്നതിലൂടെ മാത്രമെ സമാധാനപൂർണമായ ഭാവി എന്ന സ്വപ്നം യാഥാർത്ഥ്യമാവൂ.