ജക്കാർത്ത: ആര്യ പെർമാനയെ ഓർമയില്ലേ? ഇന്തോനേഷ്യക്കാരനായ ഈ ബാലനായിരുന്നു ഒരിക്കൽ ലോകത്തെ ഏറ്റവും തടിയനായ കുട്ടി. ഇപ്പോൾ ആര്യയെ കണ്ടാൽ ഞെട്ടിപ്പോകും. പഴയ തടിയനാണെന്ന് ആരും പറയില്ല. മെലിഞ്ഞ് സ്ളിംബ്യൂട്ടിയായി. പ്രമുഖ ബോഡി ബിൽഡറായ ആദേ റായ് ആണ് ആര്യയെ ഇങ്ങനെ മാറ്റിയെടുത്ത്. അധികം താമസിയാതെ തന്നെ ആര്യ ഒരു സിക്സ് പാക് പയ്യനാവുമെന്നാണ് ആദേയുടെ ആത്മവിശ്വാസം.
ആ പഴയ കഥ
ഇൻഡോനേഷ്യയിലെ ഒരു ഗ്രാമത്തിൽ സാധാരണകുടുംബത്തിലായിരുന്നു ആര്യയുടെ ജനനം. എട്ട് വയസ് വരെ കുസൃതിക്കുടുക്കയായിരുന്നു. എട്ടുവയസായതോടെ അവന്റെ ശരീരത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ കണ്ടുതുടങ്ങി. ഒപ്പം ഭക്ഷണത്തോട് അമിതാസക്തിയും. എത്ര കഴിച്ചാലും മതിയാവില്ല. വിശപ്പോട് വിശപ്പുതന്നെ. ഇറച്ചിയും മീനും ന്യൂഡിൽസും പലഹാരങ്ങളും ഉൾപ്പെടെ കയ്യിൽ കിട്ടുതെല്ലാം തിന്നും. ആര്യ ഒരുനേരം കഴിക്കുന്നത് ഒരു എട്ടുവയസുകാരൻ ഒരാഴ്ച കഴിച്ചാലും തീരാത്ത ഭക്ഷണമായിരുന്നു.
മകനോട് അമിതസ്‌നേഹമുള്ള വ്യക്തിയായിരുന്നു ആര്യയുടെ അച്ഛൻ. അതിനാൽ മകൻ ആവശ്യപ്പെടുന്നതെല്ലാം അയാൾ വാങ്ങിക്കൊടുത്തുകൊണ്ടേയിരുന്നു. രണ്ടുവർഷത്തോളം ഇങ്ങനെ കിട്ടുന്നതെല്ലാം ആര്യ തിന്നു. അങ്ങനെ പത്തുവയസുകാരൻ ആര്യയുടെ ഭാരം 192 കിലോ ആയി. പൊണ്ണത്തടിയനായോടെ എപ്പോഴും വീട്ടിനുള്ളിൽ തന്നെയായി. പഠനവും ഉപേക്ഷിച്ചു. ഇൗ സമയം ലോകത്തെ ഏറ്റവും വണ്ണമുള്ള കുട്ടിയെന്ന ബഹുമതിയും ആര്യയ്ക്ക് കിട്ടി. വീട്ടുകാരെ സംബന്ധിച്ചിടത്തോളം ഒട്ടും സന്തോഷമില്ലാത്ത ഒരു 'ബഹുമതി'യായിരുന്നു അത്. മകന്റെ ഭാവിയെക്കുറിച്ചോർത്ത് അവർ ഏറെ ദു8ഖിച്ചു. അനങ്ങാൻ പോലുമാകാത്ത അവസ്ഥയിലേക്ക് പ്രിയപ്പെട്ട മകൻ എത്തിക്കൊണ്ടിരിക്കുയാണെന്ന് രക്ഷിതാക്കൾ മനസിലാക്കി.
അങ്ങനെ തടികുറഞ്ഞുതുടങ്ങി
മകന്റെ ജീവൻ അപകടത്തിലാണെന്ന് മനസിലായതോടെ വണ്ണം കുറയ്ക്കാനുള്ള വഴികളെപ്പറ്റി അവർ ആലോചിച്ചുതുടങ്ങി. ആരോഗ്യവിദഗ്ധരുടെ സഹായവും തേടി. ആഹാര നിയന്ത്രണമായിരുന്നു ആദ്യം നടപ്പാക്കിനോക്കിയത്. പക്ഷേ, അത് പൂർണപരാജയമായി. അതോടെ മാതാപിതാക്കളും ആര്യയും കടുത്ത ദുഃഖത്തിലായി. അങ്ങനെയിരിക്കെയാണ് ഇൻഡോനേഷ്യക്കാരനും ലോകത്തെ അറിയപ്പെടുന്ന ബോഡി ബിർഡറുമായ ആദേ റായ് ആര്യയുടെ ജീവിതത്തിലെത്തുന്നത്.
തടികുറച്ച് ആര്യയെ സാധാരണജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ പരമാവധി ശ്രമിക്കാമെന്ന് അദ്ദേഹം വാക്കുകൊടുത്തു. എഴുന്നേറ്റ് നിൽക്കാനും ഇരിക്കാനും കഴിയാത്ത അവസ്ഥയിലാണ് പരിശീലനം തുടങ്ങിയത്. ആദ്യം അത്ര താത്പര്യമൊന്നും കാണിച്ചില്ലെങ്കിലും പതിയെ ചെറിയ കായികവിനോദങ്ങളോട് അവന്‍ ഇഷ്ടം തോന്നിത്തുടങ്ങി. ആ ഇഷ്ടം വളർത്തിക്കൊണ്ടുവരുന്നതിൽ ആദേ റായ് വിജയിച്ചു. ഇതിനിടെ വിശപ്പ് കുറയ്ക്കാൻ വേണ്ടി വയറ്റിൽ ഒരു ശസ്ത്രക്രിയ നടത്തി.
ശസ്ത്രക്രിയയ്ക്ക് ശേഷം കൃത്യമായ ഡയറ്റ്, കഠിനമായ വർക്കൗട്ട്...എല്ലാം ആദേയുടെ നേതൃത്വത്തിൽ ചിട്ടയായി തുടർന്നു. രണ്ട് വർഷം അങ്ങനെ കടന്നുപോയി . 192 കിലോയുണ്ടായിരുന്ന ആ പഴയ പൊണ്ണത്തടിയന് ഇപ്പോൾ ഭാരം 83 കിലോ. കണ്ടാൽ തിരിച്ചറിയാനാകാത്ത വിധമുള്ള മാറ്റം.ഇനി ശരീരത്തിൽ അവിടവിടെയായി തൂങ്ങിക്കിടക്കുന്ന അധികചർമ്മം നീക്കാനുള്ള ഒരു ശസ്ത്രക്രിയ കൂടിയേ ബാക്കിയുള്ളൂ. അതുകൂടി കഴിഞ്ഞാൽ ആര്യ ആരോഗ്യവാനും സുന്ദരനുമായിത്തീരും.മാറ്റത്തിൽ ആര്യ തീർത്തും സന്തോഷവാനാണ്. എന്തുവന്നാലും ഇനി പഴയ ജീവിതത്തിലേക്ക് മടങ്ങാനില്ല. കഴിഞ്ഞകാലം ഞാൻ മറക്കാൻ ആഗ്രഹിക്കുന്നു. ഭക്ഷണവും വർക്കൗട്ടുമെല്ലാം തുടരും. വീണ്ടും സ്‌കൂളിൽ പോയിതുടങ്ങി. കൂട്ടുകാർക്കൊപ്പം ഫുട്‌ബോളും ക്രിക്കറ്റുമെല്ലാം കളിക്കുന്നുണ്ട്. ജീവിതം ഇപ്പോൾ നല്ല രസമാണ്-ആര്യ പറയുന്നു. ആര്യയുടെ മാറ്റത്തിൽ രക്ഷിതാക്കളും ബന്ധുക്കളുമൊക്കെ തികഞ്ഞ സന്തോഷത്തിലാണ്.
ആര്യയുടെ വർക്കൗട്ടുകളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആദേ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പതിവായി പോസ്റ്റുചെയ്യുമായിരുന്നു. ഇതിൽ ആകൃഷ്ടരായി ആ രീതികളും നിരവധിപേർ പിന്തുടരുന്നുണ്ട്.