ലക്ഷ്‌മി, ഡൽഹിയിലെ അവസാനത്തെ വളർത്താന! കുറച്ച് നാളുകൾക്ക് മുമ്പ് ഡൽഹിയിൽ വാർത്തകളിലെല്ലാം ലക്ഷ്‌മി നിറഞ്ഞുനിന്നിരുന്നു. ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ് ലക്ഷ്‌മി. ഇത്രയേറെ നിയമപോരാട്ടങ്ങൾക്ക് സാക്ഷിയായ ഒരാന വേറെ കാണില്ല. ലക്ഷ്‌മിക്കുവേണ്ടി ഉടമകളും പാപ്പാനും ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയെ വരെ സമീപിച്ചു കഴിഞ്ഞു. ഇന്ത്യയിലാദ്യമായാണ് ഒരു ആനയ്‌ക്ക് വേണ്ടി ഹേബിയസ് കോർപസ് ഹർജി സമർപ്പിക്കുന്നത്. ആരാണ് ലക്ഷ്മി ? എന്തിന് വേണ്ടിയാണ് ഈ നിയമ പോരാട്ടം? സംഭവബഹുലമായ ഒരു ഒളിച്ചോട്ട കഥ ലക്ഷ്‌മിയ്ക്ക് പറയാനുണ്ട്.
ഒരു ആനയെ എങ്ങനെ ഒളിപ്പിക്കാനാകും. ? ഒരു മുറിയിൽ ഒളിപ്പിക്കാനാകുമോ ? ഇല്ല. എന്നാൽ ലക്ഷ്മിയെന്ന ആനയും അതിന്റെ ഉടമയും പാപ്പാൻമാരും ചേർന്ന് ഒളിവിൽ കഴിഞ്ഞത് രണ്ട് മാസമാണ്. അതിനായി അവർ തിരഞ്ഞെടുത്തത് ഈസ്റ്റ് ഡൽഹിയിലെ ചില്ല ഗ്രാമത്തിന് സമീപമുള്ള കർഷകർ തിങ്ങി പാർക്കുന്ന യമുന നദീതടത്തിലാണ്. എന്തിന് വേണ്ടിയായിരുന്നു ഇതെന്നല്ലേ. അതിനു പിന്നിൽ ഒരു കഥയുണ്ട്. സിനിമയെ വെല്ലുന്ന ഒരു കഥ.!
'ഗ്രേറ്റ് എസ്കേപ്പ് '
ലക്ഷ്മിയ്ക്കൊരു കുടുംബമുണ്ടായിരുന്നു. ഉടമയായ യൂസഫ് അലിയും കുടുംബവും സ്വന്തം മകളെ പോലെയാണ് ലക്ഷ്മിയെ സംരക്ഷിച്ചിരുന്നത്. 14 വയസുള്ളപ്പോഴാണ് ലക്ഷ്‌മിയെ ആസാമിൽ നിന്നും യൂസഫിന്റെ കുടുംബം വാങ്ങിയത്. അന്ന് മുതൽ യൂസഫിന്റെ കുടുംബത്തിൽ ഒരംഗത്തിന്റെ സ്ഥാനമായിരുന്നു ലക്ഷ്‌മിയ്‌ക്ക്. അനുസരണയും അച്ചടക്കവുമുള്ള സ്നേഹനിധിയായ ആന. യൂസഫിന്റെയും കുടുംബത്തിന്റെയും മാത്രമല്ല, പാപ്പാൻമാരായ സദാമിന്റെയും രാജുവിന്റെയും ഓമനയായിരുന്നു ലക്ഷ്‌മി.
2011ൽ തിരക്കേറിയ ഡൽഹി നഗരത്തിൽ നിന്നും ആനകളെയും മറ്റും വന്യജീവി സംരക്ഷണ നിയമമനുസരിച്ച് ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പുനഃരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് ഡൽഹി ഹൈക്കോടതി വിധിക്കുകയുണ്ടായി. ചില മൃഗസ്നേഹികൾ നൽകിയ ഹർജിയെ തുടർന്നായിരുന്നു ഇത്. ഡൽഹിയിൽ വളർത്തിയിരുന്ന 28 ഓളം ആനകളിൽ ഭൂരിഭാഗത്തെയും അതോടെ സർക്കാർ ഏറ്റെടുത്തു. അവസാനം ലക്ഷ്‌മി ബാക്കിയായി. ലക്ഷ്‌മിയെ വിട്ട് കൊടുക്കാൻ യൂസഫിന്റെ കുടുംബം തയാറല്ലായിരുന്നു. ലക്ഷ്‌മിയ്‌ക്ക് വേണ്ടി നിയമപോരാട്ടം തുടങ്ങാൻ യൂസഫ് തീരുമാനിച്ചു. പക്ഷേ, കഴിഞ്ഞ വർഷം ജൂലായ് ഒന്നിന് മുമ്പ് ലക്ഷ്‌മിയെ സർക്കാരിന് വിട്ട് നൽകണമെന്ന് ഡൽഹി ഹൈക്കോടതി വിധിച്ചു. ലക്ഷ്‌മിയില്ലാത്തൊരു ജീവിതം ഉടമ യൂസഫിനും പാപ്പാൻ സദാമിനും സങ്കല്‌പിക്കാൻ പോലും ആകുമായിരുന്നില്ല.
അങ്ങനെ ലക്ഷ്‌മിയെ സർക്കാരിന് ഏല്‌പ്പിക്കേണ്ട ദിവസമായ ജൂലായ് 1ന് തലേദിവസം യൂസഫ്, സദാം, രണ്ടാം പാപ്പാൻ രാജു എന്നിവർ ലക്ഷ്‌മിയെയും കൂട്ടി യമുനാതീരത്തെ നീളൻ പുല്ലുകളാൽ നിറഞ്ഞ വനത്തിലേക്ക് കടന്നു. ഒരിക്കൽ ആനകളുടെ വിഹാരകേന്ദ്രമായിരുന്നു ഇവിടം. പൊലീസും ഫോറസ്‌റ്റ് ഓഫീസർമാരും തലങ്ങും വിലങ്ങും തെരച്ചിൽ നടത്തി. ഒടുവിൽ രണ്ട് മാസങ്ങൾക്ക് ശേഷം സെപ്‌റ്റംബർ 17ന് ലക്ഷ്‌മിയെ അവർ കണ്ടെത്തി. സദാമിനെയും രാജുവിനെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. എന്നാൽ യൂസഫ് ഓടി രക്ഷപ്പെട്ടു. ലക്ഷ്‌മിയെ ബലമായാണ് പൊലീസും വനപാലകരും ചേർന്ന് ഡൽഹിയിലെത്തിച്ചത്. ലക്ഷ്‌മിയെ അനുനയിപ്പിക്കാൻ ഒടുവിൽ രാജുവിന്റെ സഹായം പൊലീസിന് തേടേണ്ടി വന്നു. 16 മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് 48കാരിയായ ലക്ഷ്‌മിയെ ഡൽഹിയിലെത്തിച്ചത്. പിന്നീട് ഹരിയാനയിലെ യമുനാ നഗർ ജില്ലയിലുള്ള പുനഃരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ലക്ഷ്‌മി ഇപ്പോൾ ഇവിടെയാണ്.
പോരാട്ടം തുടരുന്നു...
കഴിഞ്ഞ ദിവസം ലക്ഷ്‌മിയെ കാണാനുള്ള അനുമതി പാപ്പാനായ സദാമിന് ഡൽഹി ഹൈക്കോടതി നൽകിയിരുന്നു. ലക്ഷ്‌മിയെ വിട്ട് നൽകണമെന്നാവശ്യപ്പെട്ട് സദാം ഹേബിയസ് കോർപസ് ഹർജി സമർപ്പിച്ചത് ആദ്യം സുപ്രീംകോടതിയിലാണ്. സുപ്രീംകോടതി അത് ഡൽഹി ഹൈക്കോടതിയ്‌ക്ക് വിടുകയായിരുന്നു. 2008ലാണ് സദാം ലക്ഷ്‌മിയുടെ ഒന്നാം പാപ്പാനായി ചുമതലയേറ്റത്. ലക്ഷ്‌മിയെ തിരികെ നൽകണമെന്നാവശ്യപ്പെട്ട് യൂസഫും കുടംബവും ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഒരു ഭാഗത്ത് ആനയെ സർക്കാർ ഏറ്റെടുത്ത് പുനഃരധിവസിപ്പിക്കണമെന്ന് മൃഗസ്നേഹികൾ മുറവിളിക്കൂട്ടുമ്പോൾ ഡൽഹിയിലെ അവസാനത്തെ വളർത്താനയായ ലക്ഷ്‌മിയെ തങ്ങൾക്ക് തിരികെ നൽകണമെന്ന് അപേക്ഷിക്കുകയാണ് ഇത്രയും കാലം ജീവന് തുല്യം സ്നേഹിച്ച ഉടമയും പാപ്പാൻമാരും.