അഹമ്മദാബാദ്: നീളൻ മുടിയുമായി ഗിന്നസ് ബുക്കിലേക്ക് നടന്നുകയറി ഗുജറാത്തുകാരി നിലാൻഷി പട്ടേലിന്റെ മുടികാണുന്നവർക്ക് അറിയേണ്ടത് ഒന്നുമാത്രം. ഇത്രയും നീളമുള്ള മുടി എങ്ങനെ സംരക്ഷിക്കുന്നു?.എല്ലാ സീക്രട്ടുകളും വെളിപ്പെടുത്താൻ തയ്യാറല്ലെങ്കിലും ചില കാര്യങ്ങൾ പറയാൻ നിലാൻഷി ഒരുക്കമാണ്. 5 അടി 7 ഇഞ്ച് നീളത്തിൽ മുടിവളർന്നതിന്റെ എല്ലാക്രെഡിറ്റും നിലാൻഷി നൽകുന്നത് അമ്മയ്ക്കാണ്. പത്ത് വർഷം മുമ്പ് ബാർബർ മുടി മുറിച്ച് വൃത്തികേടായതോടെയാണ് ഇനി മുടി മുറിക്കില്ല എന്ന കടുത്ത തീരുമാനത്തിൽ നിലാൻഷി എത്തിയത്. കട്ട സപ്പോർട്ടുമായി അമ്മയും ഒപ്പം നിന്നു.
ഇത്രയും നീളമുള്ള മുടി കഴുകിയെടുക്കുന്നത് ഒന്നൊന്നര പണിയാണെന്നാണ് നിലാൻഷി പറയുന്നത്. അതിനാൽ ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് മുടികഴുകുന്നത്. എണ്ണ ഉപയോഗിക്കുന്നത് രണ്ടാഴ്ചയിൽ ഒരിക്കൽ മാത്രം. അമ്മയുടെ പൂർണ സഹായം ഇതിനുണ്ട്. സ്പെഷ്യൽ ചേരുവകൾ ചേർത്ത് തയ്യാറാക്കുന്ന എണ്ണയാണ് ഉപയോഗിക്കുന്നത്. പ്ലീസ്, അതിന്റെ സീക്രട്ട് ചോദിക്കരുത്.
മുടി കഴുകിയെടുക്കാൻ കുറഞ്ഞത് രണ്ടുമണിക്കൂർ എടുക്കും. ചീകിയെടുക്കാനും വേണം അരമണിക്കൂർ. മുടി നന്നായി വളരണമെങ്കിൽ കൂടുതൽ സമയം കെട്ടിവയ്ക്കരുതെന്നാണ് നിലാൻഷി പറയുന്നത്. മുടി പിന്നിയിടാനാണ് നിലാൻഷിക്ക് താത്പര്യം. കളിക്കുമ്പോഴും യാത്രചെയ്യുമ്പോഴും മാത്രം ബൺ ഉപയോഗിച്ച് കെട്ടിവയ്ക്കും. മുടി ഉണക്കാൻ ഒരിക്കലും ഡ്രയർ ഉപയോഗിക്കരുതെന്നാണ് നിലാൻഷിയുടെ അനുഭവപാഠം. സൂര്യപ്രകാശം ഏൽപ്പിച്ചുതന്നെ ഉണക്കിയെടുക്കണം. പൂപ്പൽ, താരൻ തുടങ്ങിയ പ്രശ്നങ്ങളൊക്കെ ഇല്ലാതാക്കാൻ ഇത് സഹായിക്കും. ക്രിതൃമമായ എന്തുവസ്തുക്കൾ ഉപയോഗിച്ചാലും അത് മുടിക്ക് പ്രശ്നമാണ്. ഷാപൂവിന്റെ കാര്യവും അതുതന്നെ. സോപ്പ് മുടിയുടെ അടുത്തുപോലും കൊണ്ടുപോകരുത്. മുടിയുടെ സൗന്ദര്യം അതോടെ തീരും.