തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ ' ഭരണഘടനാ സംരക്ഷണയജ്ഞ'മെന്ന വേറിട്ട പരിപാടിയൊരുക്കി സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ കോൺഗ്രസ് സംഘടന. ഭരണഘടനയുടെ ആമുഖം ആശംസാ കാർഡിൽ ഉൾപ്പെടുത്തിയാണ് ഫിനാൻസ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് കോൺഗ്രസ് വ്യത്യസ്തമാകുന്നത്. സെക്രട്ടേറിയറ്റ് ധനകാര്യ,​പൊതുഭരണ, നിയമ വകുപ്പുകളിലും പൊതുജനങ്ങൾക്കും സംഘടന ആശംസാ സന്ദേശങ്ങൾ വിതരണം ചെയ്‌തു. കേന്ദ്രസർക്കാരിനും മറ്റ് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ, എം.എൽ.എമാർ, എം.പിമാർ, മറ്റ് പ്രമുഖർ എന്നിവർക്കും ആശംസാ കാർഡുകൾ അയച്ചിട്ടുണ്ട്. ആദ്യത്തെ ആശംസാകാർഡ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് അയച്ചു. സ്‌കൂൾ അസംബ്ലികളിൽ ഭരണഘടനയുടെ ആമുഖം വായിക്കുന്നത് നിർബന്ധമാക്കണമെന്ന് അഭ്യർത്ഥിച്ചുള്ള നിവേദനം രാഷ്ടപതി,​ പ്രധാനമന്ത്രി,​ ഗവർണർമാർ,​ മുഖ്യമന്ത്രിമാർ എന്നിവർക്ക് അയയ്ക്കും. സ്‌കൂൾ കുട്ടികൾക്കായി ഭരണഘടനയെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരങ്ങൾ, ചിത്രരചന, പോസ്റ്റർരചന, പ്രസംഗ മത്സരങ്ങൾ, സെമിനാറുകൾ എന്നിവയും സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ജയകുമാർ, ജനറൽ സെക്രട്ടറി സജിത് .സി.സി തുടങ്ങിയവർ അറിയിച്ചു. കാമ്പെയിനിൽ എബി ആന്റണി, നൗഷാദ്, റിഷാദ്, സലീൽ, നിതിൻ ജോസഫ്, അജീഷ്, കൃഷ്ണകുമാർ, സനീർ, പ്രമോദ്, രോഹിത് തുടങ്ങിയവർ പങ്കെടുത്തു.