നെയ്യാറ്റിൻകര: ദിവസേന ആയിരക്കണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ചികിത്സാ സൗകര്യമില്ലാതെ രോഗികൾ വലയുന്നു. ദേശീയപാതയിൽ നിത്യേന അപകടത്തിൽപ്പെട്ട് അത്യാസന്ന നിലയിലെത്തുന്ന രോഗികളെ പരിചരിക്കൻ യാതൊരു സംവിധാനവുമില്ല. മിനി ഓപ്പറേഷൻ തീയേറ്ററുണ്ടെങ്കിലും ബ്ലഡ് ബാങ്ക് സൗകര്യമോ മറ്റ് ചികിത്സാ സംവിധാനമോയില്ല. ആധുനിക സൗകര്യത്തോടെയുള്ള ബ്ലഡ് ബാങ്ക് തുടങ്ങുവാൻ സർക്കാർ അനുമതി നൽകിയെങ്കിലും പരിശീലനം ലഭിച്ച ഡോക്ടർമാരുടെ അഭാവം കാരണം ഇതേ വരെ ബ്ലഡ് ബാങ്ക് തുടങ്ങുവാനായിട്ടില്ല. മിക്കപ്പോഴും അപകടത്തിൽപ്പെട്ട് എത്തുന്നവരെ ഇരുപത്തിയഞ്ച് കിലോമീറ്റർ ദൂരെയുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ് പതിവ്.
അടുത്തിടെ പാമ്പ് കടിയേറ്റ് ചികിത്സ തേടിയെത്തിയ ചെങ്കൽ സ്വദേശിയായ പെൺകുട്ടി മരണമടഞ്ഞിരുന്നു. കടിയേറ്റ് ഇവിടെ ചികിത്സ തേടിയെത്താൻ വൈകിയതാണ് മരണകാരണമെങ്കിലും പാമ്പ് കടിയേറ്റാൽ നൽകാനുള്ള ആന്റീവനം ഇവിടെ ലഭ്യമല്ലായിരുന്നു. മാത്രമല്ല പീഡിയാട്രിക് ഐ.സി.യുവോ പീഡിയാട്രിക് വെന്റിലേറ്ററോ ആശുപത്രിയിലില്ല. ഇത്തരത്തിൽ അത്യാസന്ന നിലയിലാകുന്ന കുട്ടികളടക്കം രോഗികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ് ഇപ്പോഴത്തെ രീതി.
ജില്ലാ മെഡിക്കൽ ആശുപത്രികിളിൽ വെന്റിലേറ്റർ സൗകര്യം വേണമെന്നിരിക്കെ ഇതേ വരെ നെയ്യാറ്റിൻകര ആശുപത്രിയിൽ അത്തരം സംവിധാനം ഒരുക്കിയിട്ടില്ല.
സർക്കാർ ആശുപത്രികളിൽ അടിസ്ഥാന ചികിത്സാ സൗകര്യം ഉറപ്പാക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെ ഇടപെടൽ ആവശ്യപ്പെട്ട് നെയ്യാറ്റിൻകര സ്വദേശി അഡ്വ. കുളത്തൂർ ജയസിംഗ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജ്ജി പരിഗണിച്ച് സർക്കാർ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങളെ കുറിച്ച് ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് അനു ശിവരാമൻ എന്നിവരുടെ ഡിവിഷൻ ബഞ്ചാണ് വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്.
ആശുപത്രിയിലേക്ക് ആംബുലൻസ് അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ടെങ്കിലും ജില്ലാ ആശുപത്രിയുടേതായി ആംബുലൻസ് ഇതേ വരെ വാങ്ങിയിട്ടില്ല. സ്വകാര്യ ആംബുലൻസുകളാണ് രോഗികളെ ഇവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കാനായി കൂട്ടിരുപ്പുകാർ ആശ്രയിക്കുന്നത്.
ആശുപത്രി മാലിന്യം കത്തിച്ചു കളയുവാൻ ഇൻസിനേറ്റർ സൗകര്യം വേണമെന്നിരിക്കെ അതും ഇവിടെ സ്ഥാപിച്ചിട്ടില്ല. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം ഇപ്പോഴും ആശുപത്രി വളപ്പിലെ തുറസായ സ്ഥലത്ത് കുന്നുകൂട്ടി കത്തിക്കുകയാണ് പതിവ്. പ്ലാസ്റ്റിക് സിറിഞ്ചും മറ്റും കത്തുമ്പോഴുണ്ടാകുന്ന പുക ആരോഗ്യത്തിന് അത്യധികം ഭീഷണിയായിരിക്കെ ഇതൊന്നും വക വയ്ക്കാതെ പ്ലാസ്റ്റിക് വേസ്റ്റ് കത്തിക്കുകയാണ് പതിവ്.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആഹാരം കഴിക്കുവാൻ ഒരു കാന്റീൻ സൗകര്യം പോലും ജില്ലാ ആശുപത്രിയിലില്ല. പുറമേയുള്ള ഹോട്ടലുകളാണ് ഇപ്പോഴും രോഗികൾക്ക് ആശ്രയം. പുറത്തുനിന്നുള്ള ഹോട്ടലുകളെ ആശ്രയിക്കുമ്പോൾ ഭക്ഷണത്തിന് വേണ്ടി മാത്രം നല്ലൊരു തുക ചെലവാകുന്നുണ്ടെന്നാണ് രോഗികൾ പറയുന്നത്.