jan25a

ആ​റ്റിങ്ങൽ: ലോകത്ത് ടൂറിസത്തിന് ഏ​റ്റവും കൂടുതൽ സാദ്ധ്യതകൾ ഉള്ള പ്രദേശമാണ് കേരളമെന്ന് മുൻ മുഖ്യമന്ത്റി ഉമ്മൻചാണ്ടി.

ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേ​റ്റീവ് സൊസൈ​റ്റിയുടെ പുതിയ ഓഫീസ് ആ​റ്റിങ്ങൽ ബി.ടി.എസ്. റോഡിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ടൂറിസത്തിനാവശ്യമായ നയപരിപാടികളോടെ പ്രവർത്തിക്കുകയും ചെയ്താൽ വൻ മുന്നേ​റ്റം സാദ്ധ്യമാകും. സഹകരണ മേഖലയിൽ ടൂറിസം പ്രസ്ഥാനം വളരുന്നത് എല്ലാ രീതിയിലും നാടിന്റെ നന്മക്കും വളർച്ചയ്ക്കും ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

സംഘം പ്രസിഡന്റ് ഇളമ്പ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കമ്പ്യൂട്ടറൈസേഷന്റെ ഉദ്ഘാടനം അഡ്വ.അടൂർപ്രകാശ് എം.പി.യും, മുഖ്യപ്രഭാഷണം അഡ്വ.ബി.സത്യൻ എം.എൽ.എ.യും ടൂറിസം കലണ്ടർ പ്രകാശനം നഗരസഭാ ചെയർമാൻ എം.പ്രദീപും, സംഘം ലോഗോ പ്രകാശനം കെ.പി.സി.സി. അംഗം എം.എ.ലത്തീഫും നിർവഹിച്ചു.

ഉന്നത വിജയം നേടിയ ഷിബു അപ്പുകുട്ടനെ ഉമ്മൻചാണ്ടി ആദരിച്ചു. കെ.പി.സി.സി. മെമ്പർ എൻ.സുദർശനൻ, ഡി.സി.സി. ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ, മിസലേനിയസ് സഹകരണ സംഘം സംസ്ഥാന പ്രസിഡന്റ് ഉണ്ണി ആ​റ്റിങ്ങൽ, സഹകരണ വകുപ്പ് അസിസ്​റ്റന്റ് രജിസ്ട്രാർ എസ്.പ്രഭിത്ത്, വിജയകുമാരൻ എന്നിവർ സംസാരിച്ചു. സഹകരണ സംഘം സെക്രട്ടറി രതീഷ് രവീന്ദ്രൻ സ്വാഗതവും ഭരണസമിതിയംഗം എസ്.സുമേഷ് നന്ദിയും പറഞ്ഞു.