ചൈനയിലെ വൂഹാൻ നഗരത്തിൽ നിന്ന് തുടങ്ങിയ വൈറസ് ബാധ ലോകത്തെമ്പാടും ഭീതി പടർത്തിക്കൊണ്ടിരിക്കുകയാണ്. 2003 ൽ ഉണ്ടായ സാർസ് വൈറസ് ബാധ പോലെ ഇതും ഒരു ഗോളാന്തര വ്യാപ്തിയുള്ള പ്രശ്നമാകുമോ എന്നതാണ് ഉത്ക്കണ്ഠ. അന്ന് ഏകദേശം എഴുന്നൂറുപേരിലധികം മരിക്കാൻ ഇടയായ ഒരു സംഭവമായിരുന്നു അത്. പുറം ലോകം അറിയാതെ മൂടിവയ്ക്കാൻ ചൈനീസ് അധികൃതർ ശ്രമിച്ചതുകൊണ്ടാണ് സാർസ് വൈറസ് കൂടുതൽ ശക്തിയാർജ്ജിച്ച് ഒരു ഗോളാന്തര പ്രശ്നമായി മാറിയത് എന്ന് അന്താരാഷ്ട്ര പൊതുജനാരോഗ്യവൃത്തങ്ങളിൽ ഒരു സംസാരമുണ്ട്. സ്വന്തം രാജ്യത്തിന്റെ ഇമേജിനുണ്ടായ ഈ ക്ഷതം ഇനിയും സംഭവിക്കരുത് എന്ന ജാഗ്രതയിലാണ് ചൈനീസ് അധികൃതർ. ഇപ്പോഴും ചൈനയിലെ ആരോഗ്യസംവിധാനത്തിന് ഇത് നിയന്ത്രിക്കാൻ കഴിയുമെന്നാണ് അവർ പ്രത്യാശിക്കുന്നത്. ചൈനീസ് പുതുവർഷാഘോഷത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് ചൈനക്കാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 100 നഗരങ്ങളിലേക്ക് പറക്കാൻ തയ്യാറെടുക്കുന്ന അവസരത്തിലാണ് ഇതുണ്ടായിരിക്കുന്നത് എന്നതും ഭീതി വർദ്ധിപ്പിക്കുന്നു.
വൂഹാൻ നഗരം
നൂറ്റിപ്പത്തുലക്ഷത്തോളം ആളുകൾ വസിക്കുന്ന ഒരു നഗരമാണ് വൂഹാൻ. അതായത് കേരളത്തിന്റെ ഏകദേശം മൂന്നിലൊന്നു ജനസംഖ്യ ഒറ്റ നഗരത്തിൽ. ഏകദേശം 2880 പേർക്ക് ഇതുവരെ രോഗം ബാധിച്ചതായും 81 പേർ മരണമടഞ്ഞതായും കണക്കാക്കപ്പെടുന്നു. രോഗപ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി നഗരം 'അടച്ചുപൂട്ടുക" എന്ന രീതിയാണ് ചൈനീസ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. അതായത് വൂഹാനിൽ നിന്നും ആരെയും പുറത്തുവിടാതിരിക്കുകയും, അകത്തേക്കുള്ള ആളുകളുടെ വരവു നിയന്ത്രിക്കുകയും, യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യുക. ഇതോടൊപ്പം വൂഹാനിൽ നിന്ന് 70 കി.മീ അകലെയുള്ള അറുപതുലക്ഷത്തോളം ആളുകൾ താമസിക്കുന്ന മറ്റൊരു നഗരവും അടച്ചുപൂട്ടാൻ ഗവൺമെന്റ് തീരുമാനിച്ചുകഴിഞ്ഞു. എന്നാൽ ചില വിദേശശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ 'അടച്ചുപൂട്ടൽ" ഗുണത്തെക്കാളേറെ ദോഷം ചെയ്തേക്കാം. ഒരേ നഗരത്തിലെ ആളുകളിൽ പെരുകി വൈറസിന് കൂടുതൽ ശക്തിപ്രാപിക്കാൻ സാദ്ധ്യതയുണ്ടെന്ന് അവർ കരുതുന്നു. ഏതായാലും രോഗപ്രതിരോധപ്രവർത്തനങ്ങളിൽ ചൈന പൊതുവേ അവരുടെ സ്വന്തം വിദഗ്ദ്ധന്മാരെ മാത്രമേ ആശ്രയിക്കാറുള്ളു. അതുകൊണ്ട് ഈ ബാഹ്യ ഇടപെടലുകളൊന്നും പ്രസക്തമല്ല.
'കൊറോണാവൈറസ്"-ഒരു താക്കീത്
'കൊറോണാവൈറസ്" എന്ന വിഭാഗത്തിൽപ്പെടുന്ന വൈറസുകളാണ് ഈ രോഗം പടർത്തുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. സാർസ് വൈറസുമായി ബന്ധമുള്ളവയാണ് ഇവ. സാധാരണ ജലദോഷത്തിന്റെ വൈറസിനും ഇവയുമായി ജനിതക ബന്ധമുണ്ട്. സാങ്കേതിക വിദ്യയുടെ പ്രയോഗം വഴി വളരെപ്പെട്ടെന്നുതന്നെ വൈറസിനെ തിരിച്ചറിയാനും പഠിക്കാനും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞന്മാർക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഒരു വൈറസിന്റെ ജീനോം എത്രപെട്ടെന്ന് മാറുന്നു എന്നുള്ളതും, എങ്ങനെ അതിന് അതിവേഗം ശക്തമായ രോഗജന്യവൈറസായി മാറാൻ കഴിയുന്നു എന്നുള്ളതും നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. ഇപ്പോഴും മനുഷ്യനാണ് ജീവന്റെ അവസാന വാക്കെന്ന് കരുതുന്നവർക്ക് ഒരു താക്കീത്. മനുഷ്യരും മറ്റു മൃഗങ്ങൾ പോലും ഭൂമിയിൽ നിന്ന് അപ്രത്യക്ഷരായാലും, സൂക്ഷ്മജീവികൾ പക്ഷേ അവശേഷിച്ചേക്കാം.
എങ്ങനെ പകരും?
എങ്ങനെയാണ് ഈ രോഗം പകരുന്നത് എന്നതിനെക്കുറിച്ച് ഇനിയും വ്യക്തതയില്ല. നേരിട്ടുള്ള പകർച്ച ഡോക്ടർമാർ തള്ളിക്കളഞ്ഞിട്ടില്ലെങ്കിലും, പകരുന്നതിന്റെ സ്വഭാവം അതിനു സമാനമല്ല എന്ന അഭിപ്രായത്തിനാണു മുൻതൂക്കം. വേറൊരു സാദ്ധ്യത ചില മൃഗങ്ങളിലൂടെ മനുഷ്യരിലേക്കു പകരുന്നതാകാം എന്നതാണ്. 'ഇന്റർമീഡിയറ്റ് ഹോസ്റ്റ്" എന്നു വിളിക്കുന്ന ഇത്തരം മൃഗം ഈ വൈറസിന്റെ കാര്യത്തിൽ ഏതാണെന്നു തിട്ടമായിട്ടില്ല. നിപ പോലെ വവ്വാലുകൾ മുതൽ ചൈനക്കാരുടെ ഇഷ്ടഭക്ഷണമായ പാമ്പുവരെ സംശയത്തിലാണ്. വൂഹാൻ നഗരത്തിൽ പലതരം ഇറച്ചികൾ വിൽക്കുന്ന ഒരു ഭീമൻ മാർക്കറ്റ് ഉണ്ടെന്നുള്ളതും, അവിടെ പലപ്പോഴും കാട്ടുമൃഗങ്ങളുടെ ഇറച്ചി വില്പനയ്ക്കു വരാറുണ്ടെന്നുള്ളതും സംശയത്തിന് ആക്കം കൂട്ടുന്നു.വലിയൊരു ദുരന്തമാണ് നമ്മെ തുറിച്ചുനോക്കുന്നത്.
ഏതായാലും ശാസ്ത്രജ്ഞരുടെയും പൊതുജനാരോഗ്യ പ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനങ്ങൾ രോഗനിയന്ത്രണത്തിലേക്ക് എത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.