തിരുവനന്തപുരം : തൊഴിലാളികളുടെയും വേദന അനുഭവിക്കുന്നവരുടെയും പക്ഷത്തുനിന്ന്
വാർത്തകൾ നൽകുന്ന കേരളകൗമുദി വിമോചനത്തിന്റെ ശക്തമായ വക്താവാണെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിഅമ്മ. ഡോ. പി.പല്പു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പല്പുവിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളകൗമുദിക്ക് ആദ്യകാലത്ത് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരുവിഭാഗത്തിന്റെ മാത്രം പത്രമായി ചിത്രീകരിക്കാൻ ശ്രമം നടന്നു. എന്നാൽ പിൽക്കാലത്ത് പിന്നാക്കക്കാരുടെയും പീഡിതരുടെയും ഒന്നാകെയുള്ള ശബ്ദമായി മാറാൻ കേരളകൗമുദിക്ക് സാധിച്ചു. ഗുരുദേവനും പല്പുവും കുമാരനാശാനും മനുഷ്യനെ ഒന്നായിക്കാണാൻ പഠിപ്പിച്ചു. എന്നാൽ ഇന്ന് മനുഷ്യനെ വേർതിരിച്ച് കാണാനുള്ള ശ്രമം നടക്കുകയാണ്. ഭരണഘടന കടുത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. ഫാസിസ്റ്റ് ശക്തികൾ ഇരുണ്ടകാലഘട്ടത്തെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നു. ചരിത്രം കൃത്യമായി വരുംതലമുറയ്ക്ക് പകർന്നു നൽകാൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു. മേയർ കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.ചന്ദ്രമോഹൻ, ഡോ.വി.കെ.ജയകുമാർ, യൂത്ത് വിംഗ് ഭാരവാഹികളായ രാജേഷ്, അനീഷ് മോഹൻ, ലാലു, ബി.കെ.സന്തോഷ് എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ വർക്കിംഗ് പ്രസിഡന്റ് അമ്പലത്തറ ചന്ദ്രബാബു സ്വാഗതവും ജനറൽ സെക്രട്ടറി അഡ്വ.കെ.സാംബശിവൻ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും നടന്നു.