തിരുവനന്തപുരം: വന സംരക്ഷണം ആദിവാസികളെ ഏല്പിക്കണമെന്ന വനാവകാശ നിയമം പാർലമന്റ് പാസാക്കിയിട്ട് 13 വർഷമായെങ്കിലും കേരളത്തിലെ കമ്മിറ്രികൾ പ്രവർത്തന രഹിതം. സംസ്ഥാനത്തിലെ വനാവകാശ കമ്മിറ്രികളെ പ്രവർത്തിക്കാൻ അധികൃതർ അനുവദിക്കാത്തതാണ് പ്രശ്‌നം. വനത്തിന്റെ നിയന്ത്രണം വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകുന്നതിനായി റേഞ്ച് ഓഫീസർമാർ കൺവീനർമാരായ സമിതികൾക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നത്.
വന സംരക്ഷണം പൂർണമായും വനാവകാശ കമ്മിറ്രിക്ക് നൽകണമെന്നാണ് നിയമത്തിലുള്ളത്. ചെയർമാനും സെക്രട്ടറിയുമുൾപ്പെടെ കമ്മറ്റിയിലുള്ള 15 അംഗങ്ങളും വനവാസികളായിരിക്കണം. ഏഴ് പേർ സ്ത്രീകളുമായിരിക്കണം. വനത്തിലെ ഓരോ ആദിവാസി മേഖലയിലും വനാവകാശ കമ്മിറ്രി രൂപീകരിക്കണം.
വനം വകുപ്പിനെതിരെയും ആക്ഷേപം
ആദിവാസികൾക്ക് ഭൂമി അനുവദിക്കുമ്പോഴെല്ലാം വനം ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലുള്ള ചില സന്നദ്ധസംഘടനകൾ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുന്ന സന്ദർഭങ്ങളുണ്ട്. ഇതു മറികടക്കാൻ കോടതിയെ സമീപിക്കാനൊന്നും ആദിവാസികൾക്കാവില്ല. വനാവകാശ നിയമപ്രകാരം ആദിവാസികൾക്ക് വനഭൂമി നൽകേണ്ടത്. എന്നാൽ പലയിടത്തും വനമേഖലയ്‌ക്ക് പുറത്താണ് ഇവർക്ക് ഭൂമികൊടുക്കുന്നത്. ഇതുവഴി എല്ലാവർക്കും ഭൂമി കിട്ടിയില്ല. കിട്ടിയവർക്ക് വാഗ്ദാനം ചെയ്ത രണ്ടര ഏക്കറിന് പകരം കുറച്ചു ഭൂമിയാണ് അനുവദിച്ചത്. വനമേഖകളിൽ തദ്ദേശീയമല്ലാത്ത മരങ്ങൾ നടുന്നുണ്ടെന്നും ആദിവാസികൾക്ക് പരാതിയുണ്ട്.
മറ്ര് സംസ്ഥാനങ്ങളിൽ വൻകിട ജനസേചന പദ്ധതികൾക്കും മറ്റുമായാണ് ആദിവാസി ഭൂമി എടുത്തിട്ടുള്ളതെങ്കിൽ കേരളത്തിൽ കുടിയേറ്രക്കാരാണ് ആദിവാസി ഭൂമി തട്ടിയെടുത്തത്. ഇത് തിരിച്ചുപിടിക്കാനും സർക്കാരുകൾക്കാവുന്നില്ല.
ഒഡിഷയും മഹാരാഷ്ട്രയും മുന്നേറുന്നു
ആദിവാസികളുടെ വിദ്യാഭ്യാസത്തിൽ മുന്നിൽ നിൽക്കുന്ന കേരളം വനാവാകാശ നിയമം നടപ്പിലാക്കുന്നതിൽ എറെ പിന്നാലാണ്. എന്നാൽ ഒഡിഷയിലും മഹാരാഷ്ട്രയിലും വനാവകാശ കമ്മിറ്രികൾ മാതൃകാപരമായാണ് പ്രവർത്തിക്കുന്നത്.
ഒഡിഷയിലെ കാലഹണ്ഡിക്കടുത്ത നിയാമഗിരിയിൽ വനത്തിൽ നിന്ന് ബോക്സൈറ്ര് ശേഖരിക്കാനുള്ള ഭീമൻ ഖനന കമ്പനിയായ വേദാന്തയുടെയും ഒഡിഷ മൈനിംഗ് കോർപറേഷന്റെയും നീക്കത്തെ അവിടത്തെ വനാവകാശ കമ്മിറ്രി തടഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ മേന്തായിലെ വനാവകാശ കമ്മിറ്റി മുളകളുൾപ്പെടെയുള്ള വനവിഭവങ്ങൾ ശേഖരിച്ച് ഒരു കോടിയിലധികം രൂപ ബാങ്ക് ബാലൻസുമുണ്ടാക്കി. കേരളത്തിലാകട്ടെ വനാവകാശ കമ്മിറ്രിക്ക് ഇപ്പോൾ സർക്കാർ സഹായം പോലും ലഭിക്കുന്നില്ല.
വനാവകാശ കമ്മിറ്റി
വന സംരക്ഷണം, കാട്ടുതീ തടയൽ, വനവിഭവങ്ങൾ സംരക്ഷിക്കൽ എന്നിവ ലക്ഷ്യം
കേരളത്തിലെ ഏഴ് ഐ.ടി.ഡി.പികളുടെയും 53 ട്രൈബൽ എക്സ്റ്റൻഷൻ സെന്ററുകളുടെയും പരിധിയിലെ ആദിവാസി മേഖലകളിൽ 604 വനാവകാശ കമ്മിറ്രികൾ
ചെയർമാനും സെക്രട്ടറിയുമുൾപ്പെടെ കമ്മറ്റിയിലുള്ള 15 അംഗങ്ങളും വനവാസികളായിരിക്കണം.
ഏഴ് പേർ സ്ത്രീകളുമായിരിക്കണം.
വനത്തിലെ ഓരോ ആദിവാസി മേഖലയിലും വനാവകാശ കമ്മിറ്രി രൂപീകരിക്കണം.
കമ്മറ്റികളിൽ രാഷ്ട്രീയ താത്പര്യത്തിന്റെ പേരിൽ പുറത്തുനിന്നുള്ളവരെ തിരുകി കയറ്റാൻ ശ്രമം