arif-mohammad-khan
arif mohammad khan

തിരുവനന്തപുരം: കേരളത്തിലെ സമ്മതിദായകരുടെ രാഷ്ട്രീയ അവബോധം ഇന്ത്യയിലെ മറ്റ് സമ്മതിദായകർക്ക് മാതൃകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തിരഞ്ഞെടുപ്പിലെ സമ്മതിദായകരുടെ ശതമാനത്തിലുള്ള വർദ്ധനയ്ക്ക് സംസ്ഥാനത്തെ ഉയർന്ന സാക്ഷരത പങ്ക് വഹിച്ചിട്ടുണ്ട്. ജനാധിപത്യത്തിലെ പൗരന്റെ ശക്തിയാണ് തിരഞ്ഞെടുപ്പ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സമ്മതിദായകദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന പ്രവർത്തനങ്ങളെ ഗവർണർ അഭിനന്ദിച്ചു.
ചടങ്ങിൽ ദേശീയ സമ്മതിദായക പ്രതിജ്ഞ ഗവർണർ ചൊല്ലിക്കൊടുത്തു. തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ കത്തെഴുത്ത് മത്സരത്തിലെ വിജയികൾക്കുള്ള അവാർഡ് വിതരണവും നടന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചവരെ ചടങ്ങിൽ ആദരിച്ചു.
ചീഫ് സെക്രട്ടറി ടോം ജോസ് മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.