വെഞ്ഞാറമൂട്: സംസ്ഥാനത്ത് ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നെല്ലനാട് ഗ്രാമപഞ്ചായത്ത് ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഹൈവേ ക്ലീനിംഗ് പ്രോഗ്രാമിന് വൻ ജനപങ്കാളിത്തം. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടത്തിയത്. ക്ലീനിംഗിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം വെഞ്ഞാറമൂട്ടിൽ ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്. കുറുപ്പ് ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിനു എസ്.നായർ, അനിൽ, അൽസജീർ, പരമേശ്വരൻ, സുജാതൻ, വ്യാപാരി വ്യവസായി ഏകോപന സമിതി വെഞ്ഞാറമൂട് യൂണിറ്റ് പ്രസിഡന്റ് ബാബു കെ. സിതാര സെക്രട്ടറി രാജശേഖരൻ നായർ, ജനമൈത്രി പൊലീസ് കോ-ഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അഷറഫ്, അസി. സെക്രട്ടറി സജു, മാമൂട് സാലി തുടങ്ങിയവർ പങ്കെടുത്തു. തൈക്കാട് മുതൽ അമ്പലംമുക്ക് വരെ ഹൈവേ കേന്ദ്രീകരിച്ചാണ് ശുചീകരണ യജ്ഞം നടന്നത്. ജനമൈത്രി പൊലീസ്, റസിഡന്റ്സ് അസോസിയേഷൻ, തൊഴിലുറപ്പ് തൊഴിലാളികൾ, സ്റ്റുഡൻസ് പൊലീസ് കേഡറ്റ്, ജെ.ആർ.സി വോളണ്ടിയർമാർ, ആശാ വർക്കർമാർ, ആരോഗ്യ വോളണ്ടിയർമാർ, റോട്ടറി ക്ലബ്, സ്കൂൾ വിദ്യാർത്ഥികൾ, ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ ജീവനക്കാർ, വ്യാപാരി വ്യവസായികൾ, അംഗൻവാടി വർക്കേഴ്സ്, സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി.