വർക്കല: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ മൂന്ന് ദിവസത്തെ 'വിഷൻ 2020" ഹെൽത്ത് ഫെസ്റ്റിവൽ ആരംഭിച്ചു. 27ന് സമാപിക്കും.സൗജന്യ മെഡിക്കൽ ക്യാമ്പുകളും ശിവഗിരി നഴ്സിംഗ് കോളേജിന്റെ മനുഷ്യശരീര ശാസ്ത്ര പ്രദർശനം, രോഗങ്ങൾ, ചികിത്സ, ഉപകരണങ്ങൾ എന്നിവ പ്രതിപാദിക്കുന്ന പ്രദർശനം, ആരോഗ്യസംബന്ധമായ ബോധവത്കരണ ക്ലാസുകൾ തുടങ്ങിയവ ഫെസ്റ്റിനോടനുബന്ധിച്ച് നടക്കും. ബഹ്റിനിലെ ബി.കെ.ജി ഹോൾഡിംഗ്സുമായി ചേർന്നാണ് വിഷൻ 2020 സംഘടിപ്പിക്കുന്നത്. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ കെ.ജി. ബാബുരാജന്റെ ജന്മദിനത്തോടനുബന്ധിച്ച് ശിവഗിരി മഠത്തിനുള്ള സമർപ്പണം കൂടിയാണ് ഹെൽത്ത് ഫെസ്റ്റ്. ബാബുരാജന്റെ കുടുംബാംഗങ്ങളാണ് സ്‌പോൺസർ ചെയ്‌തത്.
ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. രാജു ഹെൽത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യരംഗം ലോകത്താകമാനം വിഷമസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും പുതിയതരം വൈറസുകൾ മനുഷ്യർക്ക് ഭീഷണിയായി പ്രത്യക്ഷപ്പെട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. അരുൾ, അൻപ്, അനുകമ്പ എന്നീ മൂന്ന് ഗുണങ്ങളാണ് മനുഷ്യർക്കുണ്ടാകേണ്ടതെന്ന് ശ്രീനാരായണഗുരുദേവൻ പലസന്ദർഭങ്ങളിലായി ഉപദേശിച്ചിട്ടുണ്ടെന്ന് അദ്ധ്യക്ഷത വഹിച്ച ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. അത്തരത്തിലൊരു കാരുണ്യ പ്രവർത്തനമാണ് കെ.ജി. ബാബുരാജൻ നടത്തുന്നതെന്നും സ്വാമി വിശുദ്ധാനന്ദ പറഞ്ഞു.
സൗജന്യരക്തഗ്രൂപ്പ് നിർണയത്തിന്റെയും ആശുപത്രിയിൽ രൂപീകരിക്കുന്ന ബ്ലഡ് ഡോണേഴ്സ് ഫാറത്തിന്റെയും ഉദ്ഘാടനം മുഖ്യാതിഥിയായ കെ.ജി. ബാബുരാജൻ നിർവഹിച്ചു. നേത്രരോഗ നിർണയക്യാമ്പ് റിജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഫ്‌ത്തൽമോളജിയിലെ ഡോ. ചിത്രാരാഘവൻ ഉദ്ഘാടനം ചെയ്‌തു. ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, വർക്കല ഇമാം വി.കെ. മുഹമ്മദ്കുഞ്ഞ് മൗലവി, എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം, ദേവി സ്‌കാൻസ് മാനേജിംഗ് ഡയറക്ടർ നൗഷാദ്, ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലിം തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. എ. അസിംഹുസൈൻ, ആർ.സുഭാഷ്, എൻ. നവപ്രകാശ് എന്നിവരും സംബന്ധിച്ചു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ. അഭിലാഷ് രാമൻ നന്ദിയും പറഞ്ഞു. അടൂർപ്രകാശ് എം.പി, അഡ്വ. വി.ജോയി എം.എൽ.എ എന്നിവരും ഹെൽത്ത് ഫെസ്റ്റ് സന്ദർശിച്ചു.
ജനറൽ മെഡിസിനിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ജനറൽ സർജറി, ഒഫ്‌താൽമോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി, കാർഡിയോളജി, ന്യൂറോളജി, പീഡിയാട്രിക്, ഗൈനക്കോളജി, എന്റോക്രൈണോളജി, സൈക്യാട്രിക്, ഡെന്റൽ തുടങ്ങി സൗജന്യ രോഗ നിർണയത്തിനും ചികിത്സയ്ക്കുമായി പതിനഞ്ചോളം സ്‌പെഷ്യാലിറ്രി ക്ലിനിക്കുകൾ ഫെസ്റ്റിൽ പ്രവർത്തിക്കും. ശസ്ത്രക്രിയയ്ക്ക് സൗകര്യമുള്ള റീജിയേണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്‌താൽമോളജിയുടെ അത്യാധുനിക മൊബൈൽ ഐ ക്ലിനിക്കും ഫെസ്റ്റിലുണ്ടാകും. മെയിൻ ആഡിറ്റോറിയത്തിൽ ബോധവത്കരണ പ്രഭാഷണവും നടക്കും. പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ഡോ. അബിൻവിജയൻ നിർവഹിച്ചു. മെഡിക്കൽ എക്സിബിഷൻ ധിൽറാണി ബാബുരാജനും ആരോഗ്യ വർക്ക് ഷോപ്പുകൾ രജത്ത്ബാബുരാജനും കലാസാംസ്‌കാരിക പരിപാടികൾ ഡോ. രമ്യ ബാബുരാജനും ഉദ്ഘാടനം ചെയ്തു. ദിവസവും രാവിലെ 9 മുതൽ മൂന്ന് വരെയാണ് ചികിത്സ. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ പ്രദർശനവും, രാവിലെ 10 മുതൽ വൈകിട്ട് 3 വരെ വിദഗ്ദ്ധരുടെ ആരോഗ്യ ബോധവത്കരണ ക്ലാസും നടക്കും. വൈകിട്ട് അഞ്ച് മുതൽ ഏഴ് വരെ കലാസാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കും.