കുഴിത്തുറ: കളിയിക്കാവിളയിൽ എ.എസ്.ഐ വിത്സണെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ സംഭവം നടന്ന ചെക്ക്‌പോസ്റ്റിൽ എത്തിച്ച് തെളിവെടുത്തു.
വിൽസണെ വെടിവച്ചും കുത്തിയും കൊലപ്പെടുത്തിയ രംഗങ്ങൾ യാതൊരു കൂസലുമില്ലാതെ പ്രതികളായ അബ്ദുൾ ഷമീമും തൗഫീക്കും പൊലീസിനുമുന്നിൽ അഭിനയിച്ചുകാട്ടി.
ഇന്നലെ വൈകിട്ട് 3.30നാണ് നാഗർകോവിൽ പൊലീസ് ക്യാമ്പ് ഓഫീസിൽ നിന്ന് തമിഴ്നാട് പൊലീസ് കനത്ത സുരക്ഷയിൽ പ്രതികളെ കളിയിക്കാവിള ചെക്‌പോസ്റ്റിലും കളിയിക്കാവിള മുസ്ലിം ജമാഅത്ത് പള്ളിയിലും എത്തിച്ച് തെളിവെടുത്തത്. കൊലപാതകരംഗങ്ങൾ യാതൊരു കൂസലുമില്ലാതെ വിശദീകരിച്ച പ്രതികൾ രംഗങ്ങൾ അഭിനയിച്ചുകാട്ടുകയും ചെയ്തു. സംഭവത്തെ കുറിച്ച് ക്രൈം ബ്രാഞ്ച് ഡി.എസ്.പി ഗണേഷൻ വിശദീകരിച്ചത് ഇങ്ങനെ :
ഇക്കഴിഞ്ഞ 8ന് രാത്രിയിൽ പ്രതികൾ ആട്ടോയിലാണ് നെയ്യാറ്റിൻകര നിന്ന് കളിയിക്കാവിള ബസ്റ്റാൻഡിൽ എത്തിയത്. ചെക്ക്പോസ്റ്റിൽ വന്ന് പൊലീസ് ഉണ്ടോ എന്ന് ഉറപ്പുവരുത്തിയ ശേഷം മുസ്ലിം പളിയിൽ കയറി രക്ഷപെടാനുള്ള വഴിയും ഉറപ്പാക്കി. മടങ്ങിയെത്തിയ ശേഷമായിരുന്നു കൊലനടത്തിയത്. ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എ.എസ്.ഐ വിത്സണെ തൗഫിക് വെടിവയ്ക്കുകയും അബ്ദുൾഷമീം കത്തികൊണ്ട് കുത്തുകയും ചെയ്തശേഷം മുസ്ലിം ജമാഅത്ത് പള്ളിയുടെ ഉള്ളിലൂടെ റോഡിൽ ഇറങ്ങി.
ഹർത്താൽ ദിവസമായതിനാൽ ബസ് ഉണ്ടായിരുന്നില്ല. തുടർന്ന് ഇഞ്ചിവിളയിൽ നിന്ന് പ്രതികൾ ആട്ടോയിൽ കയറി തിരുവനന്തപുരത്ത് ബസ്റ്റാൻഡിൽ എത്തി. കത്തി അവിടെ ഉപേക്ഷിച്ചു. ഹർത്താൽ അവസാനിച്ചതോടെ തിരുവനന്തപുരത്തിൽ നിന്ന് ബസിൽ കയറി എറണാകുളത്തേക്ക് പോയി. തൗഫിക് തോക്ക് ഉപയോഗിക്കാൻ പരിശീലനം നേടിയിട്ടുണ്ടെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു. തെളിവെടുപ്പിനുശേഷം പ്രതികളെ നാഗർകോവിൽ ക്യാമ്പ് ഓഫീസിലേക്ക് മാറ്റി. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും കത്തിയും കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയിരുന്നു. പ്രതികളുടെ തീവ്രവാദബന്ധം വ്യക്തമാക്കുന്ന കുറിപ്പും പൊലീസിന് ലഭിച്ചിരുന്നു. കേസിലെ നിർണായക തെളിവുകൾ ലഭിച്ചതോടെ പ്രതികളുമായി ബന്ധമുള്ള ചിലരെ കൂടി പൊലീസിന് കണ്ടെത്താനുണ്ട്. 31വൈകിട്ട് പ്രതികളെ കോടതിയിൽ ഹാജരാക്കും.