കാട്ടാക്കട: മണ്ണെടുപ്പ് തടയുന്നതിനിടെ മണ്ണുമാഫിയ ജെ.സി.ബി കൊണ്ടിടിച്ച് കൊലപ്പെടുത്തിയ കാഞ്ഞിരംവിള സംഗീതാഭവനിൽ സംഗീതിന് നാടിന്റെ അന്ത്യാഞ്ജലി. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം വിലാപയാത്രയായി രാവിലെ 11ഓടെയാണ് വീട്ടിലെത്തിച്ചത്. സംഗീതിനെ അവസാനമായി കാണാൻ പ്രദേശവാസികളും പൊതുപ്രവർത്തകരും വീട്ടിലെത്തിയിരുന്നു. ആംബുലൻസ് എത്തിയതോടെ വീട്ടിലും പരിസരത്തും കൂടി നിന്നവർ ദുഃഖം നിയന്ത്രിക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞു. സംഗീതിന്റെ ചേതനയറ്റ ശരീരത്തിൽ കെട്ടിപ്പിടിച്ചു കരഞ്ഞ ഭാര്യ സംഗീതയെ ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കൾ വിഷമിച്ചു. മക്കളായ ശ്രീഹരിയും സങ്കീർത്തനയും സംഗീതിന് അന്ത്യചുംബനം നൽകി. ഐ.ബി. സതീഷ്.എം.എൽ.എ, മുൻ സ്‌പീക്കർ എൻ. ശക്തൻ, ബ്ലോക്ക് പഞ്ചായത്തംഗം എം.ആർ. ബൈജു, മുൻ ജില്ലാ പഞ്ചായത്തംഗം മലയിൻകീഴ് വേണുഗോപാൽ, ബി.ജെ.പി നേതാക്കളായ ഹരികുമാർ, സന്തോഷ് കുമാർ തുടങ്ങിയവരും മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു.