വിതുര: തൊളിക്കോട് വിതുര പഞ്ചായത്തുകളിലെ തെരുവ് വിളക്കുകൾ കത്താത്തത് ജനത്തിന് തിരിച്ചടിയായി. പഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകൾ വരെ രാത്രി കൂരിരുട്ടിൽ മുങ്ങുകയാണ്. പൊൻമുടി വിതുര നെടുമങ്ങാട് സംസ്ഥാന പാതവരെ രാത്രിയിൽ ഇരുട്ടിന്റെ പിടിയിലമർന്നിട്ട് മാസങ്ങളേറയായി. വിതുര- ചായം -നന്ദിയോട് -പാലോട് റോഡിലെ അവസ്ഥയും വിഭിന്നമല്ല. ആദിവാസി തോട്ടം മേഖലകളിലേക്കുള്ള റോഡുകളിലെ വിളക്കുമരങ്ങളും കണ്ണടച്ചു. രാത്രിയിൽചൂട്ടുകത്തിച്ച് യാത്ര നടത്തേണ്ട അവസ്ഥയാണെന്നാണ് ആദിവാസികളുടെ പരാതി.

ലക്ഷക്കണക്കിന് രൂപ വിനിയോഗിച്ച് സ്ഥാപിക്കുന്ന തെരുവ് വിളക്കുകൾ മാസങ്ങൾ കഴിയുമ്പോൾ കത്താതാകും. തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പരാതികൾ നൽകാറുണ്ടെങ്കിലും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. തൊളിക്കോട് പഞ്ചായത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച എൽ.ഇ.ഡി ലൈറ്റുകൾ. മാസങ്ങൾ പിന്നിട്ടപ്പോൾ കേടായതായി നാട്ടുകാർ പറയുന്നു. കേടായ ലൈറ്റുകൾ നന്നാക്കാറുമില്ല. ഇതിന് പുറമേ നേരത്തെയുണ്ടായിരുന്ന സി.എഫ്.എൽ.ലൈറ്റുകളും കേടായതോടെ മിക്ക ജംഗ്ഷനുകളും രാത്രിയിൽ ഇരുട്ടിന്റെ പിടിയിലാണ്.

 മോഷണം പതിവ്

തെരുവ് വിളക്കുകൾ പ്രകാശിക്കാതായായതോടെ വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ മിക്ക മേഖലകളിലും ഇരുളിന്റെ മറവിൽ സാമൂഹികവിരുദ്ധർ അഴിഞ്ഞാട്ടം നടത്തുന്നതായി വ്യാപകമായി പരാതിയുണ്ട്. മാത്രമല്ല അനവധി സ്ഥലങ്ങളിൽ മോഷണവും നടക്കുന്നുണ്ട്. തേവൻപാറ, തുരുത്തി നാഗരതോട്ടുമുക്ക്, പൊൻപാറ മേഖലകളിൽ വീടുകളിൽ കയറി സ്വർണവും പണവും മോഷ്ടിച്ചിരുന്നു.

തെരുവ് വിളക്കുകൾ മിഴിയടച്ചതോടെ പ്രധാന ജംഗ്ഷനുകൾ രാത്രികാലങ്ങളിൽ ഇരുട്ടിൽ മുങ്ങുന്നത് തെരുവ്നായകൾക്ക് അനുഗ്രഹമായി മാറി. രാത്രിയിൽ ജംഗ്ഷനുകൾ നായകളുടെ നിയന്ത്രണത്തിലാണ്. ഇതുവഴിയുള്ള രാത്രി സഞ്ചാരത്തിൽ പലപ്പോഴും നായ്ക്കൾ മുന്നിലേക്ക് ചാടിവീഴുമ്പോഴാണ് പലരും ഇവയെ കാണുന്നത്. ജംഗ്ഷനുകളിൽ ബസ് ഇറങ്ങി വീട്ടിലേക്ക് പോയ അനവധി പേരെയാണ് നായകൾ ആക്രമിച്ചത്.