കാട്ടാക്കട: കൊലപാതകം കഴിഞ്ഞ് രണ്ട് ദിവസമായിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണത്തിൽ തൃപ്‌തിയില്ലെന്നാണ് സംഗീതിന്റെ ബന്ധുക്കളുടെ പരാതി. അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകാനാണ് ഇവരുടെ തീരുമാനം. പൊലീസ് ഉദ്യോഗസ്ഥരുടെ മണ്ണുമാഫിയാ ബന്ധമാണ് പ്രതികളുടെ അറസ്റ്റ് വൈകുന്നതിന് പിന്നിലെന്നാണ് ആക്ഷേപം. എന്നാൽ സംഗീതിനെ കൊലപ്പെടുത്തിയ സംഘത്തിലെ അഞ്ചുപേരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നാണ് കാട്ടാക്കട പൊലീസ് പറയുന്നത്. സ്റ്റേഷനിൽ കീഴടങ്ങിയ വിജിൻ മാത്രമാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. അന്വേഷണ പുരോഗതി വിലയിരുത്താൻ ഡി.ഐ.ജി സജയകുമാർ ഇന്നലെ വൈകിട്ടോടെ കാട്ടാക്കട സ്റ്റേഷനിൽ നേരിട്ടെത്തി. നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ,​ കാട്ടാക്കട സി.ഐ ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. കൊലപാതക സംഘത്തിലെ പ്രധാനികളെന്ന് കരുതുന്ന ടിപ്പർ ഉടമ ചെമ്പനാകോട് സ്വദേശി ഉത്തമനും, ജെ.സി.ബി ഉടമ കാട്ടാക്കട ചാരുപാറ സ്വദേശി സജുവും ഒളിവിലാണ്. ഇവരുടെ മൊബൈൽഫോൺ കേന്ദ്രീകരിച്ചും പൊലീസ് സൈബർ വിഭാഗം അന്വേഷണം നടത്തുന്നതായി സി.ഐ ബിജുകുമാർ അറിയിച്ചു.