തിരുവനന്തപുരം: ഗവ. ലാ കോളേജിലെ കെ.എസ്.യു പ്രവർത്തകനെ മർദ്ദിച്ച കേസിൽ നാല് എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. തൃശൂർ സ്വദേശിയും രണ്ടാംവർഷ എൽ.എൽ.ബി വിദ്യാർത്ഥിയുമായ യാമിൻ മുഹമ്മദിന് വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയാണ് മർദ്ദനമേറ്റത്. മുറിഞ്ഞപാലത്ത് ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീടിന് മുൻവശത്തെ റോഡിൽ വച്ച് കെ.എസ്.യു പ്രവർത്തകനും എസ്.എഫ്.ഐക്കാരും തമ്മിൽ തർക്കമുണ്ടാവുകയും ഇത് സംഘർഷത്തിൽ അവസാനിക്കുകയുമായിരുന്നു.

കേസിൽ എസ്.എഫ്.ഐ പ്രവർത്തകരും എൽ.എൽ.ബി വിദ്യാർത്ഥികളുമായ അനന്തകൃഷ്ണൻ,​ നിഖിൽ ബാബു,​ ഗോകുൽ,​ അഖിൽ എന്നിവരെയാണ് പൊലീസ് അറസ്റ്റുചെ‌യ്‌തത്. യാമിന്റെ പരാതി പ്രകാരം കേസെടുത്ത മെഡിക്കൽ കോളേജ് പൊലീസ് ഗോകുലിനെയും അഖിലിനെയും ഇന്നലെ അറസ്റ്രുചെയ്‌തു. തുടർന്ന് അനന്തകൃഷ്‌ണനും നിഖിൽബാബുവും സ്റ്രേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. തലയ്ക്ക് പരിക്കേറ്റ യാമിൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.