തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് തലപ്പത്ത് ജില്ലയിലെ അഞ്ച് പ്രമുഖ നേതാക്കൾ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശരത് ചന്ദ്രപ്രസാദ്, മൺവിള രാധാകൃഷ്ണൻ എന്നിവരും ജനറൽ സെക്രട്ടറി പദവിയിലേക്ക് തമ്പാനൂർ രവി, പാലോട് രവി, യുവനേതാവ് മണക്കാട് സുരേഷ് എന്നിവരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ രണ്ടരപതിറ്റാണ്ടായി കെ.പി.സി.സി നേതൃസ്ഥാനത്തുള്ള നേതാവാണ് ശരത് ചന്ദ്രപ്രസാദ്. കെ.പി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന ശരത് പ്രവർത്തന മികവിലൂടെയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുയർന്നത്. കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനും കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും ആയിട്ടുള്ള ശരത് ചന്ദ്രപ്രസാദ് ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് നിയമസഭയിലുമെത്തിയിട്ടുണ്ട്. പോർമുഖങ്ങളിലെ കരുത്തൻ നേതാവായാണ് ശരത് ചന്ദ്രപ്രസാദ് അറിയപ്പെടുന്നത്. ദേശീയ ബാലതരംഗം ചെയർമാൻ തുടങ്ങി പാർട്ടിയുമായി ബന്ധപ്പെട്ടും അല്ലാതെയും നിരവധി സാമൂഹ്യ, സാംസ്കാരിക സംഘടനകളിൽ ഭാരവാഹിയും, നഗരത്തിലെ നിരവധി റസിഡന്റ്സ് അസോസിയേഷനുകളുടെ രക്ഷാധികാരിയുമാണ് ശരത്. നഗരത്തിലെ സെന്റ് ജോസഫ് സ്കൂളിലും ചെമ്പഴന്തി എസ്. എൻ കോളേജിലും ലാ അക്കാഡമിയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം നഗരത്തിൽ ആഴത്തിൽ വേരുകളുള്ള നേതാവാണ്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിലെ വി. ജിജിയാണ് ഭാര്യ. ബാംഗ്ളൂരിൽ ഐ.ടി എൻജിനിയറായ ഗായത്രിയും കാർമ്മൽ വിദ്യാർത്ഥിയായ ഗൗരിയും മക്കളാണ്.