നെടുമങ്ങാട് : അരുവിക്കര ഗ്രാമപഞ്ചായത്തിൽ ദേശീയ ബാലികാദിനാചരണത്തിന്റെ ഭാഗമായി വൈവിദ്ധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.സംസ്ഥാന ഗവൺമെന്റിന്റെ ജെന്റർ ഉപദേഷ്ടാവ് ഡോ.ആനന്ദി ഉദ്ഘാടനം ചെയ്തു. അരുവിക്കര ഗ്രാമപഞ്ചായത്തും തിരുവനന്തപുരം ചൈൽഡ് ലൈനും ചേർന്നാണ് ബാലിക ദിനാചരണം സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.മിനി സന്ദേശം നൽകി.ഗ്രാമപഞ്ചായത്തിനെ ബാലസൗഹൃദ പഞ്ചായത്താക്കി മാറ്റുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് പ്രസിഡന്റ് അറിയിച്ചു. പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലേയും പെൺകുട്ടികൾ ദിനാചരണത്തിൽ പങ്കെടുത്തു. ജി.വി.രാജ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ജെസ്റ്റീന ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനുള്ള മാർഗങ്ങൾ വിശദമാക്കി ബോധവത്കരണ ക്ലാസും നടന്നു.ചൈൽഡ് ലൈൻ പ്രവർത്തകർ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.വിദ്യാർഥികൾ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞു നടത്തിയ ലിംഗസമത്വവുമായി ബന്ധപ്പെട്ട ചർച്ച ശ്രദ്ധേയമായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ഷാജു, വിദ്യാർത്ഥിനി എം.ഗൗരി, ഐ.സി.ഡി.എസ് സൂപ്പർവൈസർ സൗമ്യ,ചൈൽഡ് ലൈൻ കോ-ഓർഡിനേറ്റർ വൈ.എൽ.കിരൺദാസ് എന്നിവരും ജനപ്രതിനിധികളും പ്രസംഗിച്ചു.