തിരുവനന്തപുരം: കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയ രാജ്ഭവനിലെ ജീവനക്കാരൻ വിനോദ് രാജ് ചെന്നൈയിലേക്ക് പോയതായി സംശയം. ഇയാൾ കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇയാൾ ഉച്ചയ്ക്കുള്ള ചെന്നൈ മെയിലിൽ പോയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. റെയിൽവേ സ്‌റ്റേഷനിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. വിനോദിന്റെ മൊബൈൽ സ്വിച്ച് ഓഫാണ്. പഴയ നമ്പർ ഇയാൾ ഉപേക്ഷിച്ചതായാണ് കരുതുന്നത്. കൂടുതൽ തെളിവുകൾ കിട്ടുന്നതിന്റെ അടിസ്ഥാനത്തിൽ ചെന്നൈയിലേക്ക് പോകാനാണ് പൊലീസിന്റെ തീരുമാനം. വിനോദിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരനാണ് കഴിഞ്ഞ വ്യാഴാഴ്ച മ്യൂസിയം പൊലീസിൽ പരാതി നൽകിയത്. ചൊവ്വാഴ്ച രാജ്ഭവനിലെ ജീവനക്കാരനും വിനോദും തമ്മിൽ ജോലി സംബന്ധിച്ച് തർക്കമുണ്ടാവുകയും ഇയാൾ പിണങ്ങിപ്പോവുകയും ചെയ്‌തിരുന്നു. മേലുദ്യോഗസ്ഥർ അമിത ജോലിഭാരം നൽകി പീഡിപ്പിച്ചിരുന്നതായും പരാതിയിൽ പറഞ്ഞിരുന്നു. രാജ്ഭവനിൽ ലാസ്‌കർ ജോലിക്കാരനാണ് നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശിയായ വിനോജ് രാജ്.