corporation

തിരുവനന്തപുരം : പാതയോരത്തെ മാലിന്യംനീക്കാൻ തൊഴിലാളികൾക്കൊപ്പം മേയറും രംഗത്തിറങ്ങി.റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നഗരസഭാ പരിധിയിലെ ദേശീയ,സംസ്ഥാന പാതയോരങ്ങളുടെ ശുചീകരണ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് കഴക്കൂട്ടം ജംഗ്ഷനിൽ മേയർ കെ.ശ്രീകുമാർ ശുചീകരണത്തിനിറങ്ങിയത്. വിഴിഞ്ഞം മുതൽ കഴക്കൂട്ടം വരെയും തമ്പാനൂർ മുതൽ നേമം, പാപ്പനംകോട്, കരമന, മണ്ണന്തല, മരുതൂർ വരെയുള്ള എംസി റോഡുകളുടെ ഇരുവശങ്ങളുമാണ് നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരിച്ചത്. 900ത്തോളം വരുന്ന തൊഴിലാളികൾ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളിയായി. അജൈവ മാലിന്യങ്ങളായ പ്ലാസ്റ്റിക്, ബാഗ്, ചെരുപ്പുകൾ ചാക്കുകളിലാക്കി. ജൈവമാലിന്യങ്ങളെ ഏയ്‌റോബിന്നുകളിലേക്ക് മാറ്റി. തരം തിരിക്കാൻ കഴിയാത്ത അജൈവ മാലിന്യങ്ങൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുമെന്ന് മേയർ അറിയിച്ചു. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി.ബിനുവിന്റെ നേതൃത്വത്തിൽ 25ഹെൽത്ത് ഇൻസ്‌പെക്ടർമാർ‌,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ,എൻ.എസ്. എസ് വോളന്റിയർമാർ,വിദ്യാർത്ഥികൾ,ക്ലബുകളിലെ അംഗങ്ങൾ,സന്നദ്ധപ്രവർത്തകർ,നഗരസഭാ ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.