തിരുവനന്തപുരം: കെ.പി.സി.സിയുടെ ദളിത് മുഖങ്ങളിലൊന്നായ മൺവിള രാധാകൃഷ്ണൻ കെ.പി.സി.സി ജനറൽ സെക്രട്ടറി പദത്തിൽ നിന്നാണ് വൈസ് പ്രസിഡന്റായി നിയമിക്കപ്പെടുന്നത്. കെ.പി.സി.സിയിൽ യൂത്ത് കോൺഗ്രസിന്റെയും ഇടുക്കി ജില്ലയുടെയും ചുമതല വഹിച്ചിരുന്ന മൺവിള സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താക്കളിലൊരാളാണ്. 45 വർഷമായി സജീവ കോൺഗ്രസ് പ്രവർത്തകനാണ്. ദളിത് സമൂഹത്തെ കോൺഗ്രസുമായി അടുപ്പിക്കുന്നതിൽ പ്രധാനപങ്കുവഹിച്ച സ്വാതന്ത്ര്യസമര സേനാനിയും ബി.ഡി.സി.എൽ സംസ്ഥാന സെക്രട്ടറിയുമായ നീലകണ്ഠൻ മാസ്റ്രറുടെ മകനാണ്. 1996ൽ കിളിമാനൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും സി.പി.ഐയിലെ ഭാർഗവി തങ്കപ്പനോട് തോറ്രു. അതേവർഷം ഉള്ളൂരിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിലും ജയിച്ചില്ല. ആറ്രിപ്ര പഞ്ചായത്ത് അംഗമായി പ്രവർത്തിച്ച മൺവിള രാധാകൃഷ്ണൻ കൺസ്യൂമർഫെഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ സുഗന്ധി വീട്ടമ്മയാണ്. മകൻ സൂരജ് ലാൽ ആർക്കിടെക്ടും മകൾ സൂര്യ കൃഷ്ണൻ എം.ബി.ബി.എസ് വിദ്യാർത്ഥിയും.