തിരുവനന്തപുരം: കോൺഗ്രസിലെ സാംസ്കാരിക മുഖങ്ങളിലൊന്നാണ് കെ.പി.സി.സി ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ട പാലോട് രവി. നെടുമങ്ങാട്ടുനിന്ന് പലതവണ നിയമസഭയിലെത്തിയ പാലോട് രവി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഡെപ്യൂട്ടി സ്പീക്കറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാഹിത്യ അക്കാഡമി, വൈലോപ്പിള്ളി സംസ്കൃതിഭവൻ, കെ.എൻ. പണിക്കർ ഫൗണ്ടേഷൻ, സാംസ്കാരിക സാഹിതി, ഇൻഡോ റഷ്യൻ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി തുടങ്ങി നിരവധി സാംസ്കാരിക സ്ഥാപനങ്ങളിൽ നേതൃത്വം വഹിച്ചിട്ടുള്ള പാലോട് രവി പക്ഷേ, മികവ് തെളിയിച്ചത് ട്രേഡ് യൂണിയൻ രംഗത്താണ്. ഐ. എൻ.ടി.യു.സിയുടെ സംസ്ഥാനത്തെ മുൻനിര നേതാക്കളിൽ ഒരാളാണ്. നിലവിൽ ദേശീയ സെക്രട്ടറിയുമാണ്. കെ.എസ്.യുവിലൂടെ കോൺഗ്രസ് രാഷ്ട്രീയത്തിലെത്തിയ പാലോട് രവി മൂന്നര പതിറ്റാണ്ടായി കെ.പി.സി.സി അംഗമാണ്. റബർ ബോർഡ്, പ്ളാന്റേഷൻ ലേബർ റിലേഷൻ കമ്മിറ്റി തുടങ്ങിയവയിൽ അംഗമായിരുന്നു.എസ്. ജയകുമാരിയാണ് ഭാര്യ. രണ്ടുമക്കളുണ്ട്.