കൊട്ടാരക്കര: പൊള്ളാച്ചിയിലുണ്ടായ ബൈക്കപകടത്തിൽ കൊട്ടാരക്കര സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. കൊട്ടാരക്കര പുലമൺ സെന്റ് ജോർജ് സൈക്കിൾസ് ഉടമ അലക്സ് ജോർജ്ജിന്റെ (ജോയി) മകൻ വിബിൻ അലക്സാണ്(19) മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴോടെയാണ് അപകടം. എറണാകുളത്ത് ജെയിൻ യൂണിവേഴ്സിറ്റി കാമ്പസിൽ ബി.കോം വിദ്യാർഥിയായ വിബിൻ സുഹൃത്തിനൊപ്പം കൊടൈക്കനാലിലേക്ക് പോകുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ മരത്തിൽ ഇടിച്ച് അപകടമുണ്ടായെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. സൂഹൃത്ത് വലിയ പരിക്കുകളില്ലാതെ രക്ഷപെട്ടു. അമ്മ: ബീന. സഹോദരൻ: എബിൻ അലക്സ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കോട്ടപ്പുറം സെന്റ് ഇഗ്നാത്തിയോസ് പള്ളി സെമിത്തേരിയിൽ.