തിരുവനന്തപുരം വഞ്ചിയൂരിൽ ജനിച്ച മുംതാസ് അലിഖാൻ എന്ന ശ്രീ എം തന്റെ 19-ാം വയസിൽ അജ്‌ഞാതനായ ഒരാളുടെ ആകർഷണത്താൽ ഹിമാലയത്തിലേക്ക് പോകണമെന്ന് പ്രചോദനമുണ്ടാകുകയും വീട് വിട്ടുപോകുകയുമായിരുന്നു. ഹിമാലയത്തിലെ ബദരിനാഥ് ക്ഷേത്രത്തിനപ്പുറത്ത് അദ്ദേഹം തന്റെ ഗുരുവായ മഹേശ്വരനാഥ് ബാബാജിയെ കണ്ടെത്തിയതോടെ ജീവിതം ആത്മീയതയിലലിഞ്ഞു. ഗുരുവിനൊപ്പം മൂന്നരവർഷക്കാലം അവിടെ താമസിച്ച് സ്വായത്തമാക്കിയ ആത്മീയാനുഭവവുമായാണ്
എം സമതലത്തിലേക്കിറങ്ങുന്നത്. ഗുരു നിർദ്ദേശിച്ച പ്രകാരം സാധാരണ ജീവിതം നയിച്ചു. സാമൂഹ്യ പ്രതിബദ്ധതയോടെ ജീവിക്കുമ്പോഴും ആത്മാന്വേഷണത്തിന്റെ പാത ഒപ്പമുണ്ടായിരുന്നു. ഗുരുവിൽ നിന്ന് പകർന്ന് കിട്ടിയ ജീവിതാനുഭവങ്ങളും അറിവും ലോകർക്ക് പകർന്ന് നൽകാനായി അദ്ദേഹം യാത്രയാരംഭിച്ചു. 2015ൽ കന്യാകുമാരിയിൽ നിന്ന്കാശ്മീരം വരെ 15 മാസങ്ങൾ കൊണ്ട് 7500 കിലോ മീറ്രർ പദയാത്ര നടത്തി. മതങ്ങൾ തമ്മിലുള്ള സംവാദമാണ് അദ്ദേഹത്തിന്റെ സന്ദേശം.മതങ്ങളിൽ അന്തർലീനമായിരിക്കുന്ന മൂലബിന്ദുക്കളായിരുന്നു അദ്ദേഹത്തെ ആകർഷിച്ചത്. ഇതിലൂടെ മതങ്ങളുടെ അടിസ്ഥാന ബിന്ദുക്കളെ മനസിലാക്കുകയായിരുന്നു. വിവാഹിതനായ എം രണ്ടുകുട്ടികളുടെ അച്ഛനാണ്. ശാന്തിയും സഹവർത്തിത്വവും പുതുതലമുറയ്ക്ക് പകർന്നു നൽകുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ആന്ധ്രയിലെ മദനപ്പള്ളിയിലാണ് എമ്മിന്റെ ആസ്ഥാനം. ബാംഗ്ലൂരിൽ നിന്ന് മൂന്ന് മണിക്കൂർ യാത്ര ചെയ്താൽ ഇവിടെത്താം.അദ്ദേഹത്തിന്റെ സത്സംഗ് ഫൗണ്ടേഷനിലൂടെയാണ് ആദ്ധ്യാത്മിക സാമൂഹ്യപ്രവർത്തനങ്ങൾ നടത്തുന്നത്. അഞ്ച് കൃതികൾ രചിച്ചിട്ടുണ്ട്.