nr-madahava-menon

തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തിൽ നിയമപഠനത്തിന്റെ വഴിവിളക്കായി മാറിയയാളാണ് എൻ.ആർ.മാധവമേനോൻ . ഇരുപതാം വയസിൽ അഭിഭാഷക കുപ്പായമിട്ട് കേരള ഹൈക്കോടതിയിലെത്തിയ മാധവമേനോൻ, അഭിഭാഷകനെന്നതിനേക്കാൾ നിയമ വിദ്യാഭ്യാസ വിദഗ്ദ്ധനും നിയമ അദ്ധ്യാപകനുമായാണ് അറിയപ്പെട്ടത്. ഇന്ത്യയിൽ ആധുനിക നിയമപഠനത്തിന് ദിശാബോധമുണ്ടാക്കിയ മാധവമേനോന് 2003-ൽ പത്മശ്രീ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

1935 മേയ് നാലിന് രാമകൃഷ്ണ മേനോന്റെയും ഭവാനി അമ്മയുടെയും മകനായി തിരുവനന്തപുരത്ത് പൂജപ്പുരയിലാണ് ജനനം. കേരള സർവകലാശാലയിൽനിന്ന് ബിരുദവും പഞ്ചാബ് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. 1956-ൽ കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. തുടർന്ന് സിവിൽ സർവീസ് പരീക്ഷ പാസായി ഡൽഹിയിൽ കേന്ദ്ര സെക്രട്ടേറിയറ്റ് സർവീസിൽ പ്രവേശിച്ചു. 1960ൽ അലിഗഡ് മുസ്ളിം യൂണിവേഴ്സിറ്റിയിൽ നിന്ന് എൽ.എൽ.എം പാസായി. 1965ൽ പി.എച്ച്.ഡി നേടി. അലിഗഡിൽ നിന്ന് നിയമത്തിൽ ആദ്യ പി.എച്ച്.ഡി നേടിയതും മേനോനാണ്. 1986ൽ നാഷണൽ ലാ സ്കൂൾ ഒഫ് ഇന്ത്യ യൂണിവേഴ്സിറ്റി (എൻ.എൽ.എസ്.ഐ.യു)​ സ്ഥാപിച്ച മാധവ മോനോൻ വൈസ് ചാൻസലറായി 12 വർഷം പ്രവർത്തിച്ചു.

പഞ്ചവത്സര എൽ.എൽ.ബി കോഴ്സെന്ന ആശയം മുന്നോട്ട് വച്ചതും മേനോനാണ്.
1998 മുതൽ 2003 വരെ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് ജുറിഡിക്കൽ സയൻസസിന്റെ സ്ഥാപക വി.സിയായിരുന്നു. ഭോപ്പാലിൽ ദേശീയ ജുഡിഷ്യൽ അക്കാഡമി സ്ഥാപിക്കുന്നതിന് സുപ്രീംകോടതി അദ്ദേഹത്തിന്റെ സേവനം തേടിയിരുന്നു. 2006ൽ വിരമിക്കുന്നത് വരെ അക്കാഡമിയുടെ സ്ഥാപക ഡയറക്ടറായിരുന്നു. 2006ൽ ഔദ്യോഗിക പദവികളിൽനിന്ന് വിരമിച്ച മാധവമേനോനെ കേന്ദ്രസർക്കാർ സെൻട്രൽ- സ്‌റ്റേറ്റ് റിലേഷൻ കമ്മിഷൻ അംഗമാക്കി. 2006-മുതൽ 2010 വരെ ഈ സ്ഥാനത്ത് അദ്ദേഹം തുടർന്നു. കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ്‌ എന്നിവയുടെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ക്രിമിനൽ ജസ്റ്റിസ് പരിഷ്കരണ കമ്മിറ്റി,​ ഉന്നത വിദ്യാഭ്യാസ ​പുനർരൂപീകരണ കമ്മിറ്റി എന്നിവയിലും അംഗമായിരുന്നു. രണ്ട് തവണ ലാ കമ്മിഷൻ അംഗമായി. കോമൺവെൽത്ത് ലീഗൽ എഡ്യുക്കേഷൻ അസോസിയേഷന്റെ ചെയർമാനായും സേവനമനുഷ്ഠിച്ചു. 1994 -98 കാലത്ത് ബാർ കൗൺസിൽ ഒഫ് ഇന്ത്യ പ്രസിഡന്റായിരുന്നു. പന്ത്രണ്ടോളം പുസ്തകങ്ങൾ രചിച്ചു.രമാദേവിയാണ് ഭാര്യ. ബംഗളൂരുവിൽ എൻജിനീയറായ രാമകൃഷ്‌ണൻ മേനോനാണ് മകൻ.