chandrasekharan

തിരുവനന്തപുരം : ഹിന്ദി ഭാഷയുടെ പ്രചാരണത്തിനും വളർച്ചയ്ക്കും സംഭാവന നൽകിയ അദ്ധ്യാപകനും ഭാഷാസ്നേഹിയും എഴുത്തുകാരനുമാണ് പത്മശ്രീ പുരസ്കാരം ലഭിച്ച ഡോ .എൻ ചന്ദ്രശേഖരൻ നായർ .കേരള ഹിന്ദി സാഹിത്യ അക്കാദമിയുടെ സ്ഥാപകനും ചെയർമാനുമായ അദ്ദേഹത്തിന് 95 വയസുണ്ട്. തിരുവനന്തപുരം എം.ജി.കോളേജിലെ ഹിന്ദി വിഭാഗത്തിന്റെ തലവനായിരുന്നു. അദ്ദേഹത്തിന് ഡി ലിറ്റ് ബഹുമതിയും യു.ജി.സി.യുടെ എമറിറ്റസ് പ്രൊഫസർ ബഹുമതിയും ലഭിച്ചിട്ടുണ്ട്.
1924 ൽ കൊല്ലം ശാസ്താംകോട്ടയിൽ ജനിച്ച ചന്ദ്രശേഖരൻ നായർ ഗാന്ധിയനാണ് . ഹിന്ദി ഭാഷയ്ക്ക് പ്രചാരമില്ലാത്ത തെക്കേ ഇന്ത്യയിൽ ഹിന്ദിക്ക് പ്രചാരം വർദ്ധിപ്പിക്കുന്നതിന് വേണ്ടി 74 വർഷമായി പ്രവർത്തിക്കുന്നു. 1984 ൽ അദ്ദേഹം കേരള ഹിന്ദി സാഹിത്യ അക്കാദമി ആരംഭിച്ചു. കൂടാതെ മികവുറ്റ ഹിന്ദി ലൈബ്രറി സ്ഥാപിക്കുകയും ചെയ്തു. ഗാന്ധി വിജ്ഞാൻ ഭവൻ, ഭാരത് യുവക് സമാജ് എന്നീ വിദ്യാർത്ഥി സംഘടനകളുടെ സ്ഥാപകൻ കൂടിയാണ്. ഹിന്ദി, മലയാളം ഭാഷകളിൽ നിരവധി കവിതകൾ , നോവൽ,നാടകം, ചെറുകഥകൾ എന്നിവ എഴുതിയിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമായി 800 ഓളം ആനുകാലികങ്ങളിൽ ലേഖനങ്ങളെഴുതി. കെ.പി. കേശവമേനോൻ, വിദ്യാധിരാജ തീർത്ഥപാദർ, രാജാരവിവർമ്മ എന്നിവരുടെ ജീവചരിത്രങ്ങളും എഴുതി.