പൂവാർ: സ്ത്രീകളുടെയും കുട്ടികളുടെയും നേരെയുള്ള അതിക്രമങ്ങൾ തടയുക, സുരക്ഷ ഉറപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുവജന ക്ലബുകളും സ്ത്രീകളും കുട്ടികളുമടങ്ങുന്ന പുല്ലുവിളയിലെ സ്ത്രീ സുരക്ഷാസമിതിയുടെ നേതൃത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. തീരദേശ മേഖലയിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു വരുകയാണ്. ഈ സാഹചര്യത്തിലാണ് ഇക്കഴിഞ്ഞ 11ന് ഭർത്താവായ നിധീഷ് കൊലപ്പെടുത്തിയ ഷൈനിയുടെ മരണത്തിൽ പ്രതിഷേധിച്ച് റാലിയും പ്രതിഷേധയോഗവും സംഘടിപ്പിച്ചത്. ഷൈനിയുടെ കൊലയാളിക്ക് നിർഭയ കേസിലെ ശിക്ഷയ്ക്ക് സമാനമായ വിധിയാണ് ഉണ്ടാകേണ്ടതെന്ന് പ്രതിഷേധ യോഗത്തിൽ സംസാരിച്ചുകൊണ്ട് പുല്ലുവിള ഫെറോന വികാരി ഫാ.ജോർജ് ഗോമസ് പറഞ്ഞു. സ്ത്രീ സുരക്ഷാസമിതി നേതാക്കളായ മേഴ്സി അലക്സാണ്ടർ, ഷീജ, അമലാ ഷാജി, സ്മിതാ ആൻഡ്രൂസ് തുടങ്ങിയവർ സംസാരിച്ചു.