governor-

തിരുവനന്തപുരം: തികഞ്ഞ സസ് പെൻസ്. ആര് ഗോളടിക്കുമെന്നാണ് കേരളം കാത്തിരിക്കുന്നത്. അതിനായി കോർട്ട് ഒരുങ്ങുന്നത് മറ്റെന്നാളാണ്. സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം അന്നാണ്. സർക്കാരുമായി ഉരസി നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഏത് രീതിയിലായിരിക്കും നയപ്രഖ്യാപന പ്രസംഗം നടത്തുക എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. സർക്കാർ തയ്യാറാക്കി നൽകുന്ന പ്രസംഗം അതേപോലെ ഗവർണർ വായിക്കുമോ അതോ വിട്ട് വായിക്കുമോ എന്നൊക്കെയുള്ളത് കാത്തിരുന്നു കാണേണ്ടതാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫ് ഇന്നലെ നടത്തിയ മനുഷ്യമഹാ ശൃംഖലയിൽ ഭരണഘടന സംരക്ഷിക്കുമെന്ന പ്രതിജ്ഞ മുഴങ്ങിയപ്പോൾ പ്രതിപക്ഷം മറ്റൊരു ആയുധവുമായി കാത്തിരിക്കുകയാണ്. ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്ക് നോട്ടീസ് നൽകിയത് സർക്കാരിനെതിരെയുള്ള വലിയ ആയുധമായിട്ടാണ് വിലയിരുത്തുന്നത്. ശരിക്കും സർക്കാരിനെ വെട്ടിൽ വീഴ്ത്തുന്ന നോട്ടീസാണിത്. ഈ നോട്ടീസിലൂടെ ഒരു മുഴം മുന്നേ എന്ന രീതിയിലാണ് പ്രതിപക്ഷ നീക്കം. എന്നാൽ, ഈ പ്രമേയം തള്ളണോ കൊള്ളണോ എന്ന തരത്തിൽ ഭരണപക്ഷത്ത് ആശയക്കുഴപ്പം നിഴലിക്കുന്നുണ്ട്. എന്നാൽ, മിക്കവാറും തള്ളാനാണ് സാദ്ധ്യതയെന്നാണ് സൂചന. എങ്കിൽ അത് പ്രതിപക്ഷത്തിന് ആയുധമാകുകയും ചെയ്യും. എന്നാൽ, പ്രമേയം സ്വീകരിക്കുക വഴി ഗവർണറുമായി വല്ലാത്തൊരു ഏറ്രുമുട്ടലിന് ഭരണകക്ഷിയിലെ പല നേതാക്കൾക്കും താത്പര്യമില്ല. നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ എടുക്കുന്ന നിലപാടിനനുസരിച്ച് പ്രമേയത്തെ പിന്തുണയ്ക്കുന്ന കാര്യം തീരുമാനിക്കാമെന്നാണ് എൽ.ഡി.എഫ് നിലപാടെന്നാണ് സൂചന.

അതേസമയം, തനിക്കെതിരെയുള്ള പ്രതിപക്ഷ പ്രമേയത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് ഗവർണർ പറഞ്ഞത്. പ്രതിപക്ഷ നേതാവ് നൽകിയ പ്രമേയത്തെ ഗൗരവത്തോടെ കാണുന്നുവെന്നാണ് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞത്. പ്രമേയത്തിന് അവതരണാനുമതി നൽകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. എൽ.ഡി.എഫ് നേതാക്കൾ നോട്ടീസിനെതിരെ പ്രതികരിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രമേയത്തിന് അവതരണാനുമതി നൽകാനുള്ള സാദ്ധ്യത കുറവാണ്.

അതേസമയം, പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സുപ്രീംകോടതിയിൽ പോകാനൊരുങ്ങുകയാണ്. സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോൾ, ഗവർണർ തന്റെ നിലപാട് അറിയിക്കും എന്നാണ് അറിയുന്നത്. കേന്ദ്ര സർക്കാരിനെതിരെ കോടതിയെ പോകുന്ന വിവരം തന്നെ അറിയിച്ചില്ലെന്നും, സംസ്ഥാന സർക്കാർ ഭരണഘടനാ ലംഘനം നടത്തി എന്നുമാണ് ഗവർണറുടെ വാദം.

സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഗവർണർ. ഭരണഘടനാ തത്വങ്ങളെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും, സർക്കാരിൽ നിന്നും തൃപ്തികരമായ വിശദീകരണം ലഭിച്ചില്ലെന്നും ഗവർണർ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ, സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ളിക് ദിന ചടങ്ങിൽ ഗവർണർ നടത്തിയ പ്രസംഗം സർക്കാരിന്റെ പ്രവർത്തനങ്ങളെ ശ്ളാഘീകരിച്ചുകൊണ്ടുള്ളതുമായിരുന്നു. ഗവർണർ എന്തെങ്കിലും വിവാദമുണ്ടാക്കുമോ എന്ന് കരുതിയിരുന്നവർക്ക് തെറ്റി. എഴുതി തയ്യാറാക്കി നടത്തിയ പ്രസംഗവേദിയിൽ മുഖ്യമന്ത്രിയടക്കമുള്ളവരുണ്ടായിരുന്നു. എന്നാൽ അതുപോലൊരു പ്രസംഗമാകുമാേ നിയമസഭയിൽ നയപ്രസംഗത്തിലും ഗവർണർ നടത്തുക എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. അതേസമയം, തുറന്ന വേദികളിലും മാദ്ധ്യമങ്ങൾക്ക് മുന്നിലും സർക്കാരിനെതിരെ തുറന്നടിച്ച ഗവർണർക്ക് കിട്ടുന്ന പരമപ്രധാന വേദിയാണ് നിയമസഭ. ഭരണത്തലവൻ താൻതന്നെ എന്ന് ആവർത്തിച്ച് പറയുന്ന ഗവർണർക്ക് അത് തുറന്ന് കാട്ടാൻ കിട്ടുന്ന വേദിയായി കണ്ടാൽ നയപ്രഖ്യാപനം വിവാദ പ്രഖ്യാപനവേദിയായി മാറാനുള്ള സാദ്ധ്യതയുണ്ടെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.