തെക്കേയാഫ്രിക്കയ്ക്കും ആന്ധ്രപ്രദേശിനും മാത്രമല്ല,കേരളത്തിനും മൂന്ന് ഭരണസിരാകേന്ദ്രങ്ങൾ ആവാം. ലെജിസ്ളേച്ചർ, എക്സിക്യുട്ടീവ്, ജുഡിഷ്യൽ ആസ്ഥാനങ്ങൾ നിലനിൽക്കുന്ന നഗരം എന്നതാണ് ഭരണസിരാകേന്ദ്രം എന്നറിയപ്പെടുന്നതെങ്കിൽ പല സംസ്ഥനങ്ങളിലും ഇപ്പോൾത്തന്നെ രണ്ട് തലസ്ഥാനങ്ങളുണ്ട്. ഉത്തർപ്രദേശിൽ നിയമസഭയും ലെജിസ്ളേച്ചറും ലക്നൗവിലും ജുഡിഷ്യറി അലഹബാദിലുമാണ്. അവിഭക്ത കാശ്മീരിന് ഔദ്യോഗികമായിത്തന്നെ രണ്ടാം തലസ്ഥാനവും ഉണ്ടായിരുന്നു. കേരളത്തിൽത്തന്നെ ജുഡിഷ്യറിയുടെ ആസ്ഥാനം 300 കിലോമീറ്ററകലെ കൊച്ചിയിലാണ്. നമ്മുടെ സംവിധാനത്തിൽ നിയമസഭയും എക്സിക്യുട്ടീവ് സർക്കാരും രണ്ടിടത്തായാൽ ഭരണപരമായ ബുദ്ധിമുട്ട് രൂക്ഷമാകും.
നിയമസഭയോട് ദൈനംദിന ഉത്തരവാദിത്വമുള്ള സർക്കാരാണ് നമ്മുടേത്. എന്നാൽ ഇ - ഗവേണിംഗ് സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിയാൽ എക്സിക്യുട്ടീവ് ഗവൺമെന്റിന്റെ വകുപ്പുകൾക്ക് പല നഗരങ്ങളിൽ നിന്നും പല ജില്ലകൾ ചേർത്ത 'സോണു"കളിൽ നിന്നും ഫലപ്രദമായി പ്രവർത്തിക്കുന്നതിന് ഒരു തടസവുമില്ല.
ഇതിൽ ഒരു തുഗ്ളക്ക് പരിഷ്കാരവുമില്ല. ഒന്നാന്തരം ആശയമാണ്. സാമ്പത്തിക ശാസ്ത്രകാരൻ മിൽട്ടൺ ഫ്രീഡ്മാന്റെ തത്വം പ്രയോഗിച്ചാൽ തന്റെ ഏറ്റവും അടുത്തുള്ള സർക്കാരിന്റെ നയത്തിലും നടപടിയിലുമാണ് പൗരന് ഏറ്റവും സ്വാധീനവും നിയന്ത്രണവും ഉള്ളത്. മലബാറിലെ ഒരു ഗ്രാമത്തിൽനിന്ന് അവിടത്തെ വില്ലേജാഫീസിലും കളക്ടറേറ്റിലും എത്തിപ്പെടാൻ ഒരു ആവലാതിക്കാരന് കഴിയും. എന്നാൽ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിൽ ഒരു മലയാളി ഗ്രാമീണന് ചട്ടങ്ങളിൽ ഇളവ് തേടി വരിക എന്നത് ഒരു എം.എൽ.എ എങ്കിലും കൂടെയില്ലെങ്കിൽ ഇന്നും സുസാദ്ധ്യമായ കാര്യമല്ല.
സർക്കാർ ഹെഡ്ക്വാർട്ടർ വികസിപ്പിക്കുമ്പോൾ ജീവനക്കാരുടെ വിന്യാസം മൂലവും അവരുടെ ക്രയവിക്രയ ശേഷി മൂലവും വലിയ പ്രാദേശിക വികസനം സാദ്ധ്യമാവും. വയനാട്ടിലോ ഇടുക്കിയിലോ ഒരു സർവകലാശാലയോ മെഡിക്കൽ കോളേജോ സ്ഥാപിതമാവുമ്പോൾ ഉണ്ടാവുന്ന പ്രാദേശിക സമ്പദ്ഘടയുടെ ഉത്തേജനം നമ്മൾ കാണണം. ഇത്തരം അൻപതു മുതൽ അഞ്ഞൂറു വരെയുള്ള ജീവനക്കാരുള്ള നൂറോളം വകുപ്പുദ്ധക്ഷ്യന്മാരുടെ അഥവാ പൊതു സ്ഥാപനങ്ങളുടെ ഓഫീസുകളും ഒരു ലക്ഷത്തോളം ജീവനക്കാരും ഒരു ജില്ലയിൽ കേന്ദ്രീകരിക്കുന്നത് ആ ജില്ലയ്ക്കു തന്നെ ദോഷകരമാണ്. അവിടെ ക്ളിപ്ത ശമ്പളക്കാർ നയിക്കുന്ന ശരാശരിത്വത്തിന്റെയും മദ്ധ്യവർത്തിത്വത്തിന്റെയും ഒരു അന്തരീക്ഷം വളരും. പ്രത്യുല്പന്നമതിത്വത്തിലും പ്രായോഗികതയിലും ഊന്നിയ കൊച്ചിക്കാരുടെ സംസ്കാരവും ഔദ്യോഗികതയിലും റിപ്പോർട്ടുകളിലും കുടുങ്ങിപ്പോയ തിരുവനന്തപുരത്തിന്റെ അനുദിനമുള്ള ചുരുങ്ങലും ഇതിനുത്തമ ഉദാഹരണങ്ങളാണ്. വ്യവസായം നയിക്കുന്ന നഗരത്തിനും ചുവപ്പുനാട നയിക്കുന്ന നഗരത്തിനും അതിന്റേതായ ചടുലതയിലുള്ള ഗതിവ്യതിയാനങ്ങളുണ്ട്.
സർക്കാർ പ്രവർത്തനത്തിന്റെ എല്ലാ സൗഭാഗ്യവും ഒരു ജില്ലയിലും അവിടെയുള്ള ജനങ്ങൾക്കും ലഭിക്കണം എന്ന വാദത്തിനു കഴമ്പില്ല. മാത്രവുമല്ല, പ്രകൃതിദുരന്തങ്ങളും മറ്റും ആവർത്തിക്കുന്ന സാഹചര്യത്തിൽ ഏക തലസ്ഥാനം അപകടത്തിലായാലുള്ള പ്രയാസം കൂടി മുൻകൂട്ടി കാണണം. പ്രളയം, സമുദ്രനിരപ്പിലെ വ്യത്യാസം എന്നീ സാദ്ധ്യതകളും പരിഗണിക്കണം. ആന്ധ്രയുടെ രാഷ്ട്രീയ മാനങ്ങൾക്കപ്പുറം കേരളത്തിനും വ്യാവസായിക - വാണിജ്യ തലസ്ഥാനമായ കൊച്ചിക്ക് വ്യവസായ - വാണിജ്യ നികുതി, നിയമം, ടൂറിസം, ഗതാഗതം, ഏവിയേഷൻ, നാവിഗേഷൻ വകുപ്പുകളെ അവയുടെ മന്ത്രിമാരടക്കം കൊച്ചിയിൽ മാറ്റിസ്ഥാപിക്കുന്നതിന് ഒരു നിയമ തടസവുമില്ല. മദ്ധ്യകേരളത്തിൽ നിന്നുള്ള ജീവനക്കാർക്ക് അവിടെ പ്രവർത്തിക്കാനും താത്പര്യമാവും.
വേണ്ടത്ര സർക്കാർ ജീവനക്കാർ എത്തിപ്പെട്ട് പ്രവർത്തിക്കാത്തതുമൂലം ഏറ്റവും വികസന തടസമുള്ള കോഴിക്കോടോ കണ്ണൂരോ കേന്ദ്രമാക്കി വികസന വകുപ്പുകളുടെ പുനർവിന്യാസം തീർക്കാവുന്നതേയുള്ളൂ. ആരോഗ്യം, തദ്ദേശഭരണം, സിവിൽ സപ്ളൈസ്, പിന്നാക്ക വനിതാ ശിശുക്ഷേമം, കൃഷി - മൃഗസംരക്ഷണ വകുപ്പുകളുടെ ആസ്ഥാനങ്ങൾ കണ്ണൂർക്ക് എളുപ്പം മാറ്റാവുന്നതേയുള്ളൂ.
നിലവിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മന്ദിരം ഒഴിഞ്ഞ് സൈബർ - ഗ്രീൻ ആർക്കിടെക്ചറിൽ പണിത മൂന്ന് സോണൽ ആധുനിക ഇ - ഗവേണൻസ് മന്ദിരങ്ങളിലേക്ക് സംസ്ഥാന എക്സിക്യുട്ടീവ് ഹെഡ് ക്വാർട്ടർ ക്രമേണ മാറ്റുന്നതായിരിക്കും നല്ലത്. ഉദ്ദേശം 500 കോടി രൂപ ഇതിനു ചെലവു വരും.വളർച്ച പ്രോത്സാഹിപ്പിക്കുന്ന, സന്തുലനം മെച്ചപ്പെടുത്തുന്ന ജനപിന്തുണയുമുള്ള പ്രവർത്തനം തന്നെയാണ് ഒന്നിലധികം തലസ്ഥാനങ്ങൾ. ഒരു തുഗ്ളക്കിസവും അതിലില്ല.
(അഭിപ്രായം വ്യക്തിപരം)