തിരുവനന്തപുരം: സമൂഹത്തിൽ കേരളകൗമുദി ദിനപത്രത്തിന് മഹനീയ സ്ഥാനമാണുള്ളതെന്ന് ബിനോയ് വിശ്വം എം.പി പറഞ്ഞു. പത്രാധിപർ കെ.സുകുമാരൻ അടക്കമുള്ള വലിയ മനുഷ്യരുടെ ത്യാഗവും അർപ്പണ മനോഭാവവുമാണ് ആ ഇടം നേടിക്കൊടുത്തത്. കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷന്റെ 50ാം വാർഷികസമ്മേളനം ജോയിന്റ് കൗൺസിൽ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളകൗമുദിയുടെ ഇന്നത്തെ ഉയർച്ചയിൽ നോൺ ജേർണലിസ്റ്റുകളുടെ പങ്ക് വിസ്‌മരിക്കാനാവില്ല. ജീവനക്കാരെ ഒറ്റച്ചരടിൽ കോർത്തിണക്കാൻ നമുക്ക് മുമ്പേ നടന്നവർ നൽകിയ സംഭാവന വലുതാണ്. സ്വന്തം കുടുംബത്തെ പോലെ കണ്ടാണ് അവർ കേരളകൗമുദിക്കൊപ്പം നിന്നത്. ഇക്കാര്യങ്ങൾ മനസിരുത്തി പഠിക്കേണ്ടതാണെന്നും ബിനോയ് വിശ്വം പറഞ്ഞു. വി.കെ.പ്രശാന്ത് എം.എൽ.എ മുഖ്യാതിഥിയായി. കെ.എസ്.ശബരീനാഥൻ എം.എൽ.എ, സി.പി.ഐ ജില്ലാസെക്രട്ടറി ജി.ആർ.അനിൽ, ആൾ ഇന്ത്യ ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി വി.ബാലഗോപാൽ എന്നിവർ സംസാരിച്ചു. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം വി.പി.ഉണ്ണികൃഷ്ണൻ സന്നിഹിതനായിരുന്നു. കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ്.സാബു സ്വാഗതവും വർക്കിംഗ് പ്രസിഡന്റ് എസ്.ആർ.അനിൽകുമാർ നന്ദിയും പറഞ്ഞു.