തിരുവനന്തപുരം: കെ.പി.സി.സി പ്രചാരണസമിതി അദ്ധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറെന്ന് കെ.മുരളീധരൻ എം.പി തുറന്നടിച്ചു. ഇക്കാര്യം താൻ സോണിയാഗാന്ധിയെ നേരിട്ട് അറിയിച്ചു. എം.പിയായതിനാൽ ധാരാളം തിരക്കുകളുണ്ട്. പാർട്ടി ഒഴിയാൻ പറഞ്ഞാൽ ഒഴിയാൻ യാതൊരു മടിയുമില്ല. ജനപ്രതിനിധികളായ വർക്കിംഗ് പ്രസിഡന്റുമാർ തുടരണമോ എന്ന കാര്യത്തിൽ സോണിയാഗാന്ധി തീരുമാനമെടുക്കണം. മുരളീധരൻ 'ഫ്ളാഷി'നോട് സംസാരിക്കുന്നു:
രാഷ്‌ട്രീയകാര്യ സമിതി എന്തിന് ?
280 പേരടങ്ങിയ കെ.പി.സി.സി അംഗങ്ങളുടെ ലിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി നേരത്തെ തയ്യാറാക്കിയിരുന്നു. അതിൽ ഉൾപ്പെട്ടവരെ ഭാരവാഹികളാക്കണം എന്നായിരുന്നു രാഷ്ട്രീയകാര്യ സമിതിയിലെടുത്ത തീരുമാനം. എന്നാൽ, ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ അതിന് വിരുദ്ധമായ തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. ഗുരുതരമായ ആ തെറ്റിനെയാണ് ഞാൻ ചോദ്യം ചെയ്‌തത്. അല്ലാതെ പട്ടികയിൽ ഉൾപ്പെട്ടവരുടെ ഗുണദോഷങ്ങൾ എനിക്ക് വിഷയമല്ല. എനിക്ക് അത്തരത്തിൽ എതിർപ്പുണ്ടെന്നൊക്കെ പറയുന്നത് പാർട്ടിയിൽ പലരും ഉണ്ടാക്കിയ കഥകളാണ്. ഭാരവാഹികളുടെ എണ്ണ കുറവുള്ള ഇപ്പോഴത്തെ ലിസ്റ്റിനെ ഞാൻ മൊത്തത്തിൽ സ്വാഗതം ചെയ്യുകയാണ്. എന്നാൽ, രാഷ്ട്രീയകാര്യ സമിതിയെടുത്ത നയം നേതൃത്വം തെറ്റിച്ചു. പിന്നെന്തിനാണ് രാഷ്ട്രീയകാര്യസമിതിയെന്ന് എനിക്ക് മനസിലാകുന്നില്ല. 21 അംഗങ്ങളുള്ള പാർട്ടിയുടെ ഏറ്റവും പരമോന്നത കമ്മിറ്റിയാണത്. അത്തരമൊരു കമ്മിറ്റിയിലെടുത്ത തീരുമാനം നിലനിൽക്കില്ലെങ്കിൽ പിന്നെയുള്ള കാര്യം പറയേണ്ടതില്ലല്ലോ..
മുമ്പും പറഞ്ഞിട്ടുണ്ട്, ഇനിയും പറയും
തിരുവനന്തപുരം ഡി.സി.സി സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പിലാണ് എന്റെ അഭിപ്രായം പറഞ്ഞത്. അതൊരു പാർട്ടി വേദിയാണ്. ഇതൊന്നും പറയാനല്ലെങ്കിൽ പിന്നെ ക്യാമ്പുകൾ നടത്തുന്നതെന്തിനാണ് ? പാർട്ടി ക്യാമ്പുകൾ എന്തിനാണ് നടത്തുന്നതെന്ന് നേതാക്കൾ മനസിലാക്കണം. മുന്നോട്ടുള്ള പാർട്ടിയുടെ പ്രയാണത്തിന് എന്തൊക്കെയാണ് തടസങ്ങൾ, അവ എങ്ങനെയൊക്കെ പരിഹരിക്കാം എന്നീ കാര്യങ്ങൾ പാർട്ടി ക്യാമ്പിലാണ് ചർച്ച ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ ഞാൻ പറഞ്ഞതൊന്നും അച്ചടക്കലംഘനമല്ല. പിന്നെ പാർട്ടി പ്ളാറ്റ്ഫോമിൽ അഭിപ്രായം പറയണമെന്ന് പറയുന്ന കെ.പി.സി.സി അദ്ധ്യക്ഷൻ കഴിഞ്ഞ അഞ്ച് മാസമായി രാഷ്ട്രീയകാര്യ സമിതി വിളിച്ചിട്ടില്ല. അങ്ങനെ കമ്മിറ്റികൾ വിളിക്കാതെ വരുമ്പോൾ അഭിപ്രായങ്ങൾ പുറത്ത് പറയേണ്ടി വരും. അത് മുമ്പും പറഞ്ഞിട്ടുണ്ട്, ഇനിയും പറയും.
ഇനിയൊരു പട്ടിക വേണ്ട
കെ.പി.സി.സി സെക്രട്ടറിമാരെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും ഉൾപ്പെടുത്തി കൊണ്ടുള്ള പട്ടിക പുറത്തിറക്കാൻ നേതൃത്വം ശ്രമിക്കുന്നുണ്ട്. ഇനി അങ്ങനെയൊരു പട്ടികയുടെ ആവശ്യമില്ല. രണ്ടാംഘട്ട ഭാരവാഹി പട്ടിക പുറത്തിറക്കരുത് എന്നാണ് എന്റെ അഭിപ്രായം. ഇപ്പോൾ തന്നെ പാർട്ടിയെ കൊണ്ടുനടക്കാൻ ധാരാളം പേരുണ്ട്. ഇനി അടുത്ത ലിസ്റ്റ് കൂടിയിറക്കി ജംബോ കമ്മിറ്റിയെന്ന ദുഷ്‌പേര് നേതൃത്വം വരുത്തിവയ്‌ക്കരുത്.
ആ റിസ്‌ക് ഏറ്റെടുക്കണം
എൽ.ഡി.എഫിന്റെ മനുഷ്യശൃംഖലയിൽ പങ്കെടുത്ത യു.ഡി.എഫ് പ്രവർത്തകരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി തിരികെ കൊണ്ടുവരണം.ആ റിസ്‌ക് പാർട്ടി ഏറ്റെടുക്കണം. ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് അവർക്ക് ഇന്നൊരു ഭയാശങ്കയുണ്ടായിട്ടുണ്ട്. അതിൽ ഭൂരിപക്ഷം പേരുടെയും വിശ്വാസം കോൺഗ്രസിലാണ്. എന്നാൽ, ആ വിശ്വാസം കേരളത്തിൽ നേടിയെടുക്കാൻ കോൺഗ്രസിനായില്ല. അതിന്റെ കാരണം കൃത്യമായ പ്രചാരണം കോൺഗ്രസിന് കേരളത്തിൽ ഉണ്ടാക്കാനായിട്ടില്ല എന്നത് മാത്രമാണ്. അത് എത്രയും വേഗം പരിഹരിക്കണം. ന്യൂനപക്ഷങ്ങളുടെ സംരക്ഷകർ കോൺഗ്രസ് ആണെന്ന് അവർക്ക് തോന്നിയാൽ എൽ.ഡി.എഫിനൊപ്പം കൈകോർക്കാൻ പോയവർ തിരികെ വരും.
ഗവർണക്കൊപ്പം കാപ്പികുടി
ഗവർണറെ തിരികെ വിളിക്കാൻ പ്രതിപക്ഷ നേതാവ് നിയമസഭയിൽ നൽകിയ പ്രമേയത്തോട് സർക്കാർ മുഖം തിരിക്കുന്നതിന്റെ അർത്ഥം പിണറായി വിജയന് ബി.ജെ.പിയുമായി രഹസ്യബന്ധം ഉണ്ടെന്നതാണ്. ഗവർണറെ ഭയപ്പെടേണ്ട ആവശ്യമെന്താണെന്ന് മനസിലാകുന്നില്ല. 1968ൽ ബംഗാളിൽ കോൺഗ്രസ് സർക്കാർ നിയമിച്ച ഗവർണറെ തിരികെ വിളിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, പ്രതിപക്ഷം കൂടി പിന്തുണച്ചിട്ടും നമ്മുടെ മുഖ്യമന്ത്രിക്ക് അക്കാര്യത്തിൽ മടിയാണ്. ഇന്നലെ ഗവർണറുടെ ചായസൽക്കാരത്തിൽ പ്രതിപക്ഷ നേതാവോ ഞങ്ങൾ എം.പിമാരോ ഒന്നും പങ്കെടുക്കാൻ പോയില്ല. എന്നാൽ മുഖ്യമന്ത്രി ന്യൂനപക്ഷങ്ങൾക്ക് വേണ്ടി മനുഷ്യ ശൃംഖലയും പിടിച്ചിട്ട് ഗവർണറുടെ കാപ്പികുടിക്കാൻ പോയി. മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുകയാണ് മുഖ്യമന്ത്രി. ആ ശൈലി കേരളത്തിലെ ന്യൂനപക്ഷങ്ങൾ തിരിച്ചറിയും.