doctor

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്ന് എം.ബി.ബി.എസ് എടുത്തുവരുന്നവരിലധികം പേരും സംസ്ഥാനത്ത് ഡോക്ടറായി പ്രാക്ടീസ് ചെയ്യാനാവാതെ വിഷമിക്കുന്നു. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ യോഗ്യതാ പരീക്ഷ പാസായാൽ മാത്രമേ ഇവിടെ പ്രാക്ടീസ് ചെയ്യാനാവൂ. ഈ കടമ്പ കടക്കാനാവാതെ കുഴയുകയാണ് ഇവരിലധികം പേരും. ചൈനയിലെയും റഷ്യയിലെയും മലേഷ്യയിലുമൊക്കെ വിവിധ ഏജൻസികൾ മുഖേന അവിടെ പ്രവേശനം നേടി ബിരുദമെടുത്തവർ. പക്ഷേ, ആ ബിരുദങ്ങളെ ഇവിടെ അംഗീകരിച്ച് പ്രാക്ടീസ് ചെയ്യണമെങ്കിൽ യോഗ്യതാ പരീക്ഷ പാസാകണം.

സർക്കാർ സർവീസുകളിൽ ഇവരിലധികം പേർക്കും കടന്നുകൂടാനാവുന്നില്ല. വലിയ സ്വകാര്യ ആശുപത്രികളിൽ ഇവരെ വേണ്ട വിധം പരിഗണിക്കുന്നുമില്ല. അതിനിടയിലാണ് യോഗ്യതാ പരീക്ഷയും കടക്കാനാവാതെ വിഷമിക്കുന്നത്. ബാങ്കുകളിൽ നിന്ന് വലിയ തുക വായ്പ എടുത്താണ് ഇവരിൽ പലരും മെഡിക്കൽ പഠനം പൂർത്തിയാക്കിയത്. ബാങ്കിൽ നിന്നെടുത്ത പണം തിരിച്ചടയ്ക്കാൻ പോലുമാകാതെ നട്ടം തിരിയുന്നവരുമുണ്ട്.

രജിസ്റ്റർ ചെയ്തവർ

യോഗ്യതാ പരീക്ഷ കടന്നുകൂടിയവർ തന്നെ ചെറിയ സ്വകാര്യ ആശുപത്രികളിൽ ചെറിയ പ്രതിഫലത്തിന് ജോലി ചെയ്യുന്നവരുമുണ്ട്. 8,026 ഡോക്ടർമാരാണ് പ്രൊഫഷണൽ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ ജോലിക്കായി പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. പേര് രജിസ്റ്റർ ചെയ്യാത്തവർ വേറെയും. 42,597 ബി.ടെക് ബിരുദധാരികളും പേര് രജിസ്റ്റർ ചെയ്ത് ജോലിക്കായി കാത്തിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസമുള്ളവരടക്കം തൊഴിലില്ലാത്തവരുടെ എണ്ണം കേരളത്തിൽ 35.89 ലക്ഷമാണ്. എന്നാൽ, 2018ൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലി ലഭിച്ചത് 11,809 പേർക്കും 2017ൽ 11,647 പേർക്കുമാണ്. 2019 ൽ 11,914 പേർക്കും.

പഠിച്ചിറങ്ങുന്നത് 5000 ഡോക്ടർമാർ

സംസ്ഥാനത്ത് ഓരോ വർഷവും 5000 ത്തോളം ഡോക്ടർമാരാണ് പഠനം പൂർത്തിയാക്കി പുറത്തുവരുന്നത്. ഇതിന്റെ നാലിലൊന്ന് പേർക്കു മാത്രമേ എന്തെങ്കിലും അവസരം കേരളത്തിൽ ലഭിക്കുന്നുള്ളുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ വിദേശത്തു നിന്നു പഠിച്ചുവരുന്നവരുമുണ്ട്. കഴിഞ്ഞ വർഷം 1200 പേരാണ് ചൈനയിൽ നിന്നും റഷ്യയിൽ നിന്നും മാത്രം എംബിബിഎസ് ബിരുദം നേടി കേരളത്തിലെത്തിയത്.