തിരുവനന്തപുരം: വ്യാപാരസ്ഥാപനങ്ങൾ, ഓഫീസുകൾ, എ.ടി.എം കൗണ്ടറുകൾ ഫ്ളാറ്റുകൾ എന്നിവിടങ്ങളിൽ മോഷണശ്രമമോ അക്രമമോ നടന്നാൽ 7 സെക്കന്റുകൾക്കുള്ളിൽ ഇനി പൊലീസ് അറിയും.
അടിയന്തര ഘട്ടങ്ങളിൽ പൊലീസ് കൺട്രോൾ റൂമിൽ സി.സി.ടി.വി ദൃശ്യങ്ങളടക്കം അപായ മുന്നറിയിപ്പ് ലഭിക്കുന്ന സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിംഗ് സിസ്റ്റം (സി.ഐ.എം.എസ്) പദ്ധതി സംസ്ഥാനത്ത് ഉടൻ നടപ്പിലാകും.
കെൽട്രോണിന്റെ സഹായത്തോടെയാണ് സംസ്ഥാന പൊലീസ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ, കെൽട്രോൺ മാർക്കറ്റിംഗ് മേധാവി എ. ഗോപകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൊലീസ് സ്റ്റേഷനിൽ നിന്ന് സംഭവ സ്ഥലത്തേക്ക് എത്തിച്ചേരാനുള്ള ദൂരം, സമയം, ലെക്കേഷൻ മാപ്പ് മുതലായ വിവരങ്ങളും കൺട്രോൾ റൂമിൽ നിന്ന് കൈമാറും. ഇതനുസരിച്ച് പൊലീസ് എത്തി ഉടൻതന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും. 24 മണിക്കൂറും പ്രവർത്തിക്കും.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഈ പദ്ധതി നടപ്പാക്കുന്നത്.
പ്രവർത്തനം ഇങ്ങനെ
സ്ഥാപനങ്ങളിൽ സ്ഥാപിക്കുന്ന സെൻസറുകൾ, സി.സി.ടി.വി കാമറകൾ ഇന്റർഫേസിംഗ് യൂണിറ്റ് എന്നിവയെ പൊലീസ് കൺട്രോൾ റൂമിലുള്ള ഹാർഡ്‌വെയർ വീഡിയോ മനേജ്‌മെന്റ് സിസ്റ്റം എന്നിവയുമായി ബന്ധിപ്പിച്ചാണ് സി.ഐ.എം.എസിന്റെ പ്രവർത്തനം.
സ്ഥാപനത്തിൽ സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും ഉപകരണം പ്രവർത്തനരഹിതമായാലും ഉടൻ വിവരം കൺട്രോൾ റൂമിൽ അറിയും. സർവീസ് എൻജിനിയർ സ്ഥലത്തെത്തി അത് പരിഹരിക്കും.
വ്യാപാര സ്ഥാപനങ്ങളിലും എ.ടി.എമ്മുകളിലും ഈ സംവിധാനം ഏർപ്പെടുത്തുന്നതോടെ സുരക്ഷാ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനാവും.
- ആദ്യഘട്ടത്തിൽ ഉൾക്കൊള്ളിക്കുക 10 ലക്ഷം ഉപഭോക്താക്കളെ
ദൃശ്യങ്ങൾ മൂന്നു മാസം വരെ സൂക്ഷിക്കാനാകും
സ്ഥാപിക്കാനുള്ള ചെലവ് കുറഞ്ഞത് 80,000 രൂപ
ക്രിമിനലുകളെ തിരിച്ചറിയുന്ന ഫേസ് റെക്കഗ്നിഷൻ സംവിധാനവും ആലോചനയിൽ