ഹാനോയ് : കുളിച്ചതിന് രണ്ടുപേർക്ക് 5,500 രൂപ പിഴ ചുമത്തി!. കുളിക്കുന്നത് ഇത്രവലിയ കുറ്റമാണോ എന്നല്ലേ തോന്നിയത്? കുളിക്കുന്നത് കുറ്റമല്ല. എന്നാൽ ഇവർ കുളിച്ച രീതിയാണ് പ്രശ്നമായത്. നടുറോഡിൽ ഒാടുന്ന ബൈക്കിലിരുന്നായിരുന്നു ഇവരുടെ കുളി.
തെക്കൻ വിയറ്റ്നാമിലെ തിരക്കേറിയ റോഡിലാണ് യുവാക്കൾ കുളിയഭ്യാസം നടത്തിയത്. ഇരുപത്തിമൂന്ന് വയസുകാരൻ ഹുയിൻ തൻ ഖാനും സുഹൃത്തുമാണ് വീഡിയോയിലുള്ളത്. ഒരാൾ ബൈക്ക് ഓടിക്കുന്നു. പുറകിലിരിക്കുന്നയാളുടെ കൈയിൽ ഒരു ബക്കറ്റ് വെള്ളവും സോപ്പുമുണ്ട്. പുറകിൽ ഇരിക്കുന്ന വ്യക്തി ബൈക്ക് ഓടിക്കുന്ന ഹുയിനിന്റെ തലയിലൂടെ വെള്ളം ഒഴിച്ച് സോപ്പ് തേച്ച് കൊടുക്കുന്നതിനൊപ്പം സ്വയം കുളിക്കുകയും ചെയ്യുന്നുണ്ട്. ബൈക്ക് ഓടിക്കുന്ന യുവാവ് ഒറ്റ കൈ കൊണ്ട് ബൈക്ക് നിയന്ത്രിച്ച് സോപ്പ് മുഖത്തും തലയിലും തേച്ച് പതപ്പിക്കുന്ന ദൃശ്യവും വീഡിയോയിലുണ്ട്.
വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ യുവാക്കളെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. ഇതോടെ പൊലീസും അന്വേഷണം തുടങ്ങി. ഇതോടെയാണ് ഇരുവരെയും കണ്ടുപിടിച്ചത്. ഹെൽമറ്റ് ഉപയോഗിച്ചില്ല, അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ചു, വാഹനത്തിന് രേഖകളുണ്ടായിരുന്നില്ല തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പിഴചുമത്തിയത്.