ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ മുൻവർഷങ്ങളെപ്പോലെ 2020 ൽ ഇന്ത്യയ്ക്ക് തിളങ്ങാൻ കഴിഞ്ഞില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് കുറഞ്ഞതായി ഐ.എം.എഫ് വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ദാവോസ് സമ്മേളനം നടന്നത്. വളർച്ചയുടെ വിവിധ സൂചകങ്ങളിൽ ഇന്ത്യ പിറകോട്ട് പോകുന്നു എന്നത് നമുക്ക് ലോകത്തിന്റെ മുന്നിൽ മറച്ചുവയ്ക്കാൻ കഴിയില്ല.
ഏത് ലോക സാമ്പത്തിക സമ്മേളനത്തിലും ഏറ്റവും പ്രാധാന്യം ലഭിക്കുന്നത് അമേരിക്കയുടെ നിലപാടിനും നയ വ്യതിയാനങ്ങൾക്കുമാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയുമായി വ്യാപാര കരാറിന്റെ രണ്ടാം ഘട്ടത്തിന് ഉടൻ തുടക്കമിടുമെന്ന് ദാവോസിൽ പ്രഖ്യാപിച്ചു. എന്നാൽ ഇന്ത്യയെക്കറിച്ച് പ്രത്യേകിച്ചൊന്നും എടുത്തുപറഞ്ഞില്ല. ഐ.എം.എഫ് വെളിപ്പെടുത്തുന്ന വളർച്ചയുടെ സൂചകങ്ങൾ നോക്കിയാണ് അന്താരാഷ്ട്ര രംഗത്തുള്ള വൻ നിക്ഷേപകർ വിവിധ രാജ്യങ്ങളിൽ പണം മുടക്കുന്നത്. ചൈനയെപ്പോലെ ഇന്ത്യ വ്യാപാര രംഗത്ത് വളരാൻ പോകുന്നു എന്ന രണ്ടുവർഷംമുമ്പുള്ള പ്രവചനങ്ങൾ ഫലവത്തായില്ലെന്ന് മാത്രമല്ല, പിറകോട്ട് പോകുകയും ചെയ്തു. അമേരിക്കൻ നിക്ഷേപകർ ഇൗ വസ്തുത മനസിലാക്കും. അതിനാൽ ഇന്ത്യയെക്കുറിച്ച് സാധാരണ പറയുന്ന നല്ല വാക്കുകൾ കുറയ്ക്കാൻ ട്രംപ് നിർബന്ധിതനായി. ഇന്ത്യയെയും ചൈനയെയും വികസ്വര രാജ്യങ്ങളെന്ന് ലോക വ്യാപാര സംഘടനയ്ക്ക് കരുതാനാവില്ലെന്നും ട്രംപ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യ ഒരു സാമ്പത്തിക മാറ്റത്തിന്റെ പാതയിലാണെന്നും ഒരു വലിയ മാറ്റത്തിന് മുമ്പുള്ള സ്വാഭാവികമായ മന്ദത മാത്രമാണ് ഇപ്പോഴുള്ളതെന്നുമാണ് ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയത്.
മതേതര രാജ്യം എന്ന സങ്കല്പത്തിന് വിരുദ്ധമായ ദിശയിൽ ഇന്ത്യ സഞ്ചരിക്കുന്നു എന്ന പ്രചാരണവും ഇന്ത്യയ്ക്ക് തിരിച്ചടിയായി. പൗരത്വ നിയമ ഭേദഗതിയടെ പേരിലും കാശ്മീർ പ്രശ്നത്തിന്റെ പേരിലും നടന്ന പ്രക്ഷോഭങ്ങൾ അന്തർദേശീയ തലത്തിൽ ഇന്ത്യയ്ക്ക് മങ്ങലേൽപ്പിക്കുന്നതായി. മാദ്ധ്യമങ്ങൾ ഉൾപ്പെടെയുള്ള ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം ഇന്ത്യയിൽ വിലക്കപ്പെടുകയാണെന്നും പ്രചരിപ്പിക്കപ്പെട്ടു. അതോടൊപ്പം വളർച്ചാനിരക്കുംകൂടി കുറഞ്ഞപ്പോൾ ഇന്ത്യയുടെ തിളക്കം മങ്ങി എന്നത് പറയാതെ തന്നെ ഏവർക്കും ബോദ്ധ്യപ്പെടുന്നതായി മാറി. ഇതിന്റെ അർത്ഥം ഇന്ത്യ അവഗണിക്കപ്പെടുകയോ തഴയപ്പെടുകയോ ചെയ്തു എന്നല്ല. 2018 ലെ ദാവോസിൽ ലഭിച്ച അംഗീകാരവും പ്രശംസയും 2020 ലെ ദാവോസിൽ ലഭിച്ചില്ല എന്നതേയുള്ളൂ.
സാമ്പത്തിക രംഗം മാറി മറയുന്നതുപോലെ ഇതും മാറി മറിയാം. ഒരു ലോകശക്തിക്കും അവഗണിക്കാൻ കഴിയാത്ത വളർച്ചയിലേക്ക് കുതിക്കാനുള്ള ഇച്ഛാശക്തി ഇന്ത്യയ്ക്കുണ്ട് എന്നത് ആർക്കും അവഗണിക്കാനാവില്ല. അത് ലോകത്തിന് മുന്നിൽ തെളിയിക്കാനുള്ള വെല്ലുവിളിയാണ് മോദിയും ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധരും ഇനി വാക്കുകളിലൂടെയല്ല, പ്രവൃത്തിയിലൂടെ ഏറ്റെടുക്കേണ്ടത്.
മോദി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുന്നു:സോറസ്
ഇന്ത്യയെ 'ഹിന്ദു ദേശീയ രാഷ്ട്ര"മാക്കാനാണ് പ്രധാനമന്ത്രി മോദി ശ്രമിക്കുന്നതെന്ന് സ്വിറ്റ്സർലന്റിലെ ദാവോസിൽ കഴിഞ്ഞ ആഴ്ച നടന്ന ലോക സാമ്പത്തിക ഫോറത്തിൽ ലോക കോടീശ്വരനും ജീവകാരുണ്യ പ്രവർത്തകനുമായ ജോർജ് സോറസ് ആരോപിച്ചിരുന്നു.
ദേശീയ പൗരത്വ നിയമ ഭേദഗതിയും കാശ്മീരിൽ ഭരണഘടനയുടെ 370-ാം വകുപ്പ് പിൻവലിച്ചതും ഇതിനെതിരെ ഇന്ത്യയിൽ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളും ചൂണ്ടിക്കാട്ടിയാണ് സോറസ് ആരോപണം ഉന്നയിച്ചത്. മോദിയുടെ ഇൗ സമീപനം സ്വതന്ത്ര്യസമൂഹം എന്ന സങ്കല്പത്തിന് എതിരാണെന്നാണ് സോറസ് സ്ഥാപിക്കാൻ ശ്രമിച്ചത്.
മോദിയെ മാത്രമല്ല അമേരിക്കൻ പ്രസിഡന്റ് ട്രംപിനെയും ചൈനീസ് പ്രസിഡന്റ് ഷി ജെൻപിംഗിനെയും സോറസ് നിശിതമായി വിമർശിക്കുകയുണ്ടായി. ആളുകളെ കബളിപ്പിച്ച് കാശുണ്ടാക്കുന്ന വ്യക്തിയാണ് ട്രംപ് എന്നായിരുന്നു കുറ്റപ്പെടുത്തൽ. അമേരിക്കയിലെ സാമ്പത്തിക രംഗം ഇപ്പോൾ ഉയർന്ന നിലയിലാണ്. അത് തകരാതെ തിളപ്പിച്ച് നിറുത്തിയിരിക്കുകയാണ് ട്രംപ്. അടുത്ത പത്തുമാസത്തിനുള്ളിൽ വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇൗ നീക്കം. എന്നാൽ സാമ്പത്തിക രംഗത്തെ അധികം ചൂടാക്കി ഒത്തിരിനാൾ നിറുത്താനാകില്ല.
ചൈനീസ് പ്രസിഡന്റ് ഷി ജെൻപിംഗ് എല്ലാ അധികാരവും തന്നിൽ മാത്രം കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നത്. ചൈനയുടെ സാമ്പത്തിക സർവാധിപത്യത്തിന് പഴയ ബലമില്ല. വ്യക്തിപരമായ ഏകാധിപത്യം ഒരിക്കൽ തകർന്നാൽ പിന്നെ വീണ്ടെടുക്കാനാകില്ലെന്നും സോറസ് മുന്നറിയിപ്പ് നൽകി.
ദാവോസിലെ മാറ്റം
പത്തിരുപത് വർഷമായി ദാവോസിലെ ലോക സാമ്പത്തിക ഫോറങ്ങൾ സ്വതന്ത്ര വ്യാപാരം, വിലക്കുകളില്ലാത്ത ലോക കമ്പോളം തുടങ്ങിയവയ്ക്കാണ് മുൻതൂക്കം നൽകിയിരിക്കുന്നത്. ഇതാദ്യമായി 2020-ദാവോസിൽ അമേരിക്ക നിയന്ത്രിത വ്യാപാരം, പരിമിതമായ കുടിയേറ്റം, കൺട്രോൾഡ് ടെക്നോളജി എന്നിവയ്ക്ക് പ്രാധാന്യം നൽകണമെന്ന് ആവശ്യപ്പെട്ടു. ചൈനയും നിയന്ത്രിത വ്യാപാരത്തിന്റെ മേന്മ എടുത്തുപറഞ്ഞു. ചൈന ടെക്നോളജി കൈമാറ്റത്തിന് വിലക്കുകൾ ഏർപ്പെടുത്തിക്കഴിഞ്ഞു. തുറന്ന കമ്പോളം എന്ന 1990 മുതൽ തുടങ്ങിയ ആശയത്തിൽ നിന്ന് ആ വമ്പന്മാർ പിന്മാറുകയാണ്. പക്ഷേ ഇന്ത്യ ഇപ്പോഴും തുറന്ന കമ്പോളത്തിനായി വാദിക്കുന്നു. മത്സരാധിഷ്ഠിത കമ്പോളമാണ് ഇന്ത്യയുടെ വളർച്ചയ്ക്ക് ഗുണകരം. സ്വതന്ത്ര കമ്പോളത്തിനായി നിലകൊള്ളുന്ന രാജ്യങ്ങൾക്ക് സംരക്ഷണ വലയം വേണമെന്നതാണ് ഇന്ത്യയുടെ വാദം. കാരണം വിദേശ നിക്ഷേപം കൂടുതൽ വന്നാലേ ഇന്ത്യയ്ക്ക് പ്രതീക്ഷിക്കുന്ന രീതിയിൽ മുന്നേറാനാവൂ.
ആഗോളവത്കരണത്തിന്റെ സദ്ഫലങ്ങൾ ആവോളം ലഭിച്ചതിന് ശേഷമാണ് അമേരിക്കയും ചൈനയും പതുക്കെ പിന്മാറുന്നത്. ഇന്ത്യയ്ക്കാകട്ടെ 1990 ൽ തുടങ്ങിയ ആഗോളവത്കരണത്തിന്റെ വളർച്ച പൂർത്തിയാക്കാൻ ഇനിയും വർഷങ്ങൾ ആവശ്യമാണ്.