തിരുവനന്തപുരം: ചൈനയിൽ ഉൾപ്പെടെ രാജ്യത്തെ പല രാജ്യങ്ങളെയും ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സംസ്ഥാനത്ത് ആവശ്യമായ മുൻകരുതലാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. ഒരിക്കൽ പത്തിവിടർത്തിയാടിയ നിപ്പയെ പിന്നീട് പിടിച്ചുകെട്ടിയതുപോലെ കൊറോണയെ കേരളത്തിലേക്ക് കടത്തില്ലെന്ന വാശിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇതിനായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ അവലോകന യോഗങ്ങളും വിലയിരുത്തലുകളും തുടർച്ചയായി നടന്നുവരികയാണ്. വെല്ലുവിളിയായാണ് കേരളം ഈ ദൗത്യത്തെ ഏറ്റെടുത്തിരിക്കുന്നതെന്ന് നോഡൽ ഓഫീസർ (കൊറോണ, എച്ച് വൺ, എൻവൺ) ഡോ. അമർ. എസ്. ഫെറ്റൽ 'ഫ്ളാഷി'നോട് പറഞ്ഞു. ഇതിനുമുമ്പ് പല വൈറസുകളെയും പിടിച്ചുകെട്ടിയതിന്റെ ആത്മവിശ്വാസം കേരളത്തിനുണ്ട്. ആ ശുഭപ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ് നീങ്ങുന്നതെന്നും ഡോ. അമർ പറഞ്ഞു.
നിരീക്ഷണം ചുറ്റിനും
ആശുപത്രികൾ സജ്ജം
'ദിശ'യിലേക്ക് വിളിക്കണം
കൊറോണയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്. സംശയമുള്ളവർ ആരോഗ്യ വകുപ്പിന്റെ ഹെൽപ്പ് ലൈൻ നമ്പറായ ദിശയിലേക്ക് വിളിക്കണം. 0471 2552056 എന്ന നമ്പറിൽ വൈറസുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കൃത്യമായ ഉത്തരമുണ്ടാകും. സുഖമില്ലെന്ന് തോന്നി കഴിഞ്ഞാൽ മാസ്‌ക്ക് ധരിച്ചേ പുറത്തിറങ്ങാവൂ. പുറം ലോകവുമായി യാതൊരു തരത്തിലും അടുക്കാൻ പാടില്ല. പൊതു വാഹനങ്ങളിലും സഞ്ചരിക്കാനും പാടില്ല. എല്ലാ കാര്യങ്ങളും തത്സമയം നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
ലക്ഷണങ്ങൾ
ജലദോഷവും ന്യൂമോണിയയും. രോഗം ഗുരുതരമായാൽ ന്യുമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ പുതിയ തരം കൊറോണ വൈറസാണ്. സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. പ്രതിരോധ വ്യവസ്ഥ ദുർബലമായവരിൽ, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും.
പടരുന്ന രീതി
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും. വൈറസ് സാന്നിദ്ധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുമ്പോഴോ രോഗം പടരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിദ്ധ്യമുണ്ടാകാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും.