c-unniraja-

കേരളത്തിലെ സാമൂഹ്യ - സാംസ്കാരിക - രാഷ്ട്രീയ മേഖലകളിലെ സമരോജ്ജ്വല വ്യക്തിത്വമായിരുന്ന സി. ഉണ്ണിരാജ ഓർമ്മയായിട്ട് ഇരുപത്തിയഞ്ച് വർഷമാകുന്നു. .വിജ്ഞാനോപാസകനായ വിപ്ളവകാരി എന്ന് ഉണ്ണിരാജയെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം.1995 ജനുവരി 28നാണ് ഉണ്ണിരാജ അന്തരിക്കുന്നത്.

'എന്റെ രാഷ്ട്രീയ വിദ്യാരംഭം" എന്ന ലേഖനത്തി​ൽ ഉണ്ണി​രാജ എഴുതി​ : എന്റെ സ്കൂൾ വിദ്യാഭ്യാസ കാലമാണ് എന്റെ മനസിൽ തെളിഞ്ഞുവരുന്നത്. ഞാൻ പഠിച്ചതും സ്കൂൾ പരീക്ഷ പാസായതും ഗുരുവായൂരിന് അടുത്തുള്ള ചാവക്കാട് ഹൈസ്കൂളിലായിരുന്നു. 1927 മുതൽ 1934 വരെ ഏഴ് കൊല്ലം ഞാൻ അവിടെ പഠിച്ചു. ആ കാലം ഇന്ത്യയുടേയും കേരളത്തിന്റേയും ചരിത്രത്തിൽ സംഭവബഹുലം ആയിരുന്നല്ലോ. നമ്പൂതിരിമാർക്കിടയിലെ സാമൂഹിക പരിഷ്കാര പ്രസ്ഥാനം കൊടുംപിരികൊണ്ട കാലം. എന്റെ അച്ഛന്റെ അനുജന്മാരായ എം.ടി. ഭട്ടതിരിപ്പാടും (പ്രേംജി), എം.ആർ.ബി​യും ആ പ്രസ്ഥാനത്തി​ലെ ഉൽപതി​ഷ്ണു വി​ഭാഗത്തി​ന്റെ നേതാക്കളായി​രുന്നു.

നമ്മുടെ രാജ്യത്തി​ന് പൂർണ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗാന്ധി​ജി​യുടെ നേതൃത്വത്തി​ൽ രണ്ട് നി​യമലംഘന പ്രസ്ഥാനങ്ങൾ നടന്നത് അക്കാലത്താണ്. പതി​നായി​രക്കണക്കി​ന് യുവതീയുവാക്കളി​ൽ അത് ദേശസ്നേഹത്തി​ന്റേയും രാജ്യാഭി​മാനത്തി​ന്റേയും വി​ളക്ക് കത്തി​ച്ചു. പലരും വി​ദ്യാഭ്യാസം ഉപേക്ഷി​ച്ചു സത്യാഗ്രഹ പരി​പാടി​കളി​ൽ പങ്കെടുത്തു. അക്കൂട്ടത്തി​ൽ എന്റെ ക്ളാസി​ൽ പഠി​ച്ചി​രുന്ന എന്റെ ഒരു സ്നേഹി​തനും ഉണ്ടായി​രുന്നു ഞാൻ കുടുമ മുറി​ച്ച് പഴമയെ വെല്ലുവി​ളി​ച്ചു.

ആരായിരുന്നു ഉണ്ണിരാജ? നമ്മൾ കേട്ട് ശീലിച്ച ഉത്തരങ്ങളുടെ ചുമരുകളിൽ ഒതുങ്ങുന്ന ഒരാളായിരുന്നില്ല ഉണ്ണിരാജ. വിപ്ളവത്തിന് മാറ്റ് കൂട്ടാൻ അറിവിന്റെ മൂശയിൽ തപസനുഷ്ഠിച്ച ആ പൊന്നാനിക്കാരന് എന്തെങ്കിലുമൊക്കെ ആയിത്തീരാൻ ഒരു താത്‌പര്യവുമില്ലായിരുന്നു. മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ ഉണ്ണിരാജയുടെ എന്നും രണ്ട് കാര്യങ്ങളേ എന്നും ഉണ്ടായിരുന്നുള്ളൂ - അറിവും സ്നേഹവും.

ഉണ്ണി​രാജയുടെ പി​താവി​ന്റെ ജ്യേഷ്ഠന്റെ മകൻ പാട്ടം, വാരം എന്നി​വയി​ൽ നി​ന്നുള്ള വരവ് പ്രതീക്ഷി​ക്കാതെ സ്വയം അദ്ധ്വാനി​ച്ച് വരുമാനം ഉണ്ടാക്കണമെന്ന പുത്തൻ ​ ചി​ന്തയ്ക്ക് അടി​ത്തറയി​ട്ട ഒരാളായി​രുന്നു. അദ്ദേഹം

ഗുരുവായൂരി​ൽ 'കേരള സന്താനം ബുക്ക് ഡി​പ്പോ" എന്ന ഒരു പുസ്തകശാല തുടങ്ങി. സ്കൂൾ വിട്ടാൽ ഉണ്ണിരാജ പുസ്തകാശാലയിൽ എത്തുക പതിവായി. പത്രവായനക്കു പുറമെ വില്പനയ്ക്കു വച്ച പുസ്തകങ്ങളും അവിടെവച്ച് വായിക്കാൻ അവസരം ലഭിച്ചു. വായനക്കാരനായ ഉണ്ണി എഴുത്തുകാരനായ ഉണ്ണിയായതും ഗുരുവായൂർ വച്ചുതന്നെ.

കോൺഗ്രസ് സോഷ്യലിസ്റ്റുകാർ ഒന്നടങ്കം പാർട്ടിയിൽ ചേർന്ന പിണറായി സമ്മേളനം കഴിഞ്ഞ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം കേരളത്തിൽ പുതിയൊരു ദിശയിലേക്ക് കടന്നപ്പോൾ ഉണ്ണിരാജയെ മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിലേക്ക് സഖാവ് പി. കൃഷ്ണപിള്ള തട്ടിയെടുത്തു. 1939 ഡിസംബറിൽ നടന്ന പിണറായിയിലെ പാറപ്രം സമ്മേളനത്തിൽ ഉണ്ണിരാജ പങ്കെടുത്തിരുന്നില്ല. എന്നാൽ സമ്മേളനത്തിൽ വൈകിയെത്തിയ ഉണ്ണിരാജ പാർട്ടിരൂപീകരണദിനത്തിൽത്തന്നെ പാർട്ടി അംഗമായി.

.അറിവിന്റെ ഒരു വിളക്കുകൂടി അണഞ്ഞുപോയി. ആറ് ദശകങ്ങളുടെ അഭംഗുരവും നിസ്വാ ർത്ഥവുമായ ജനസേവനമെന്ന ഉപാസനയിൽ നിന്ന് ലഭിച്ച വെളിച്ചം നമ്മെ നയിക്കട്ടെ.