തിരുവനന്തപുരം: കഞ്ചാവ് വില്പനയെക്കുറിച്ച് പൊലീസിന് വിവരം നൽകിയതിന്റെ വൈരാഗ്യത്തിൽ കഞ്ചാവ് മാഫിയ ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിപ്പരിക്കേല്പിച്ചു. ഇടതുകൈയിൽ പരിക്കേറ്റ ഡി.വൈ.എഫ്.ഐ വഞ്ചിയൂർ ബ്ലോക്ക് സെക്രട്ടറി നിതിൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിതിനെ വെട്ടിയ പാറോട്ടുകോണം പുതുവൽ പുത്തൻവീട്ടിൽ സുമേഷിനെ പൊലീസ് അറസ്‌റ്റുചെയ്‌തു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിതിൻ, സുമേഷിനെ ഹെൽമറ്റ് കൊണ്ട് അടിച്ചുപരിക്കേല്പിച്ചിരുന്നു. സുമേഷും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ട് 4.30ഓടെയാണ് സംഭവം. എൽ.ഡി.എഫിന്റെ മനുഷ്യമഹാശൃംഖല കഴിഞ്ഞ് മടങ്ങുകയായിരുന്ന നിതിനെ പാറോട്ടുകോണത്ത് വച്ച് ഒളിച്ചിരുന്ന സുമേഷ് വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. സുമേഷിന്റെ കഞ്ചാവ് വില്പനയും ഉപയോഗവും സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഉള്ളൂർ, മെഡിക്കൽ കോളേജ് ഭാഗങ്ങൾ കേന്ദ്രമാക്കി സുമേഷ് കഞ്ചാവ് വില്പന നടത്തുന്നതായി നിതിൻ പൊലീസിനെ അറിയിച്ചിരുന്നു. ഇതാണ് ആക്രമണത്തിന് കാരണം. സുമേഷിനെതിരെ കേസെടുത്തതായി മണ്ണന്തല പൊലീസ് പറഞ്ഞു.