മൂക്കോളം മുങ്ങിക്കഴിഞ്ഞാൽ പിന്നെ കുളിരറിയില്ല എന്നു പറയാറുണ്ട്. അതുപോലെയാണ് ഇവിടെ പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി സർക്കാരും ഗവർണറും തമ്മിലുണ്ടായിരിക്കുന്ന ഏറ്റുമുട്ടൽ. അതിനൊപ്പം അസാധാരണമായ ഈ സാഹചര്യത്തിൽ നിന്ന് പരമാവധി രാഷ്ട്രീയലാഭം കൊയ്യാൻ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് തുടങ്ങിവച്ച സൃഗാല തന്ത്രങ്ങൾ കൂടിയായപ്പോൾ രാഷ്ട്രീയാന്തരീക്ഷമാകെ അനുദിനം വിഷമയമായിക്കൊണ്ടിരിക്കുകയാണ്. എല്ലാം ഭരണഘടനയുടെയും ജനാധിപത്യ സംവിധാനങ്ങളുടെയും പേരിലാണ്. ഏറെ ചൂടും പുകയും വമിക്കുന്ന വിവാദങ്ങൾ ഉയർത്തി ജനങ്ങളെ തളച്ചിട്ട് ജീവൽ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ എളുപ്പമാണ്. അളവറ്റ ഉൗർജ്ജവും സമ്പത്തുമാണ് അതിലൂടെ ചോർന്നുകൊണ്ടിരിക്കുന്നതെന്ന യാഥാർത്ഥ്യം ആരും അറിയുന്നില്ല.
പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസ്സാക്കിയതു മുതൽ ഗവർണർ മുഹമ്മദ് ആരിഫ്ഖാനും ഇടതുമുന്നണി സർക്കാരും തമ്മിൽ രൂക്ഷമായ അഭിപ്രായ ഭിന്നതയിലാണ്. ഭേദഗതി നിയമം രാഷ്ട്രപതി ഒപ്പിട്ട് വിജ്ഞാപനമായിക്കഴിഞ്ഞ സാഹചര്യത്തിൽ അത് അംഗീകരിക്കാനും സംരക്ഷിക്കാനും ഗവർണർ എന്ന നിലയിൽ താൻ ബാദ്ധ്യസ്ഥനാണെന്ന് അദ്ദേഹം കർക്കശ നിലപാടെടുത്തിരിക്കുകയാണ്. ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് സർക്കാർ തന്നെ അറിയിക്കാതെ സുപ്രീംകോടതിയിൽ കേസിനു പോയതിലും ഗവർണർക്ക് എതിർപ്പുണ്ട്. തന്റെ അതൃപ്തിയും അഭിപ്രായ ഭിന്നതയുമൊന്നും രഹസ്യമായി മനസ്സിൽ സൂക്ഷിക്കാനും അദ്ദേഹം ഒരുക്കമല്ല. ലഭ്യമായ വേദികളിലെല്ലാം ഇതുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിനെ അദ്ദേഹം തുറന്നു തന്നെ എതിർക്കുന്നു. ചാകര ലഭിച്ച സന്തോഷത്തിൽ മാദ്ധ്യമങ്ങൾ ദിവസേന അത് ആഘോഷിച്ചുകൊണ്ടേയിരിക്കുന്നു. ഭരണഘടനാ ചട്ടങ്ങളും കീഴ്വഴക്കങ്ങളുമൊക്കെ ചൂണ്ടിക്കാട്ടി ഗവർണരും സർക്കാരും നീങ്ങുന്നതിനിടയിലാണ് പഴയ സൃഗാലകഥയെ ഓർമ്മിപ്പിക്കുന്ന പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ നീക്കങ്ങൾ. ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ചു വിളിക്കണമെന്ന് അഭ്യർത്ഥിക്കുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിക്കാൻ സ്പീക്കറുടെ അനുമതി തേടി കാത്തിരിക്കുകയാണ് പ്രതിപക്ഷം. ഒറ്റനോട്ടത്തിൽ തന്നെ സർക്കാരിനെ വെട്ടിലാക്കുന്ന കൗശലം നിറഞ്ഞ ഒരു രാഷ്ട്രീയ കളിക്കാണ് പ്രതിപക്ഷം ഒരുങ്ങുന്നതെന്ന് വ്യക്തം. സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നതയുടെ പശ്ചാത്തലത്തിൽ പ്രമേയത്തിന് അനുകൂലമായി ഭരണപക്ഷത്തെയും കൊണ്ടുവരാമെന്ന കണക്കുകൂട്ടലിലാകാം പ്രതിപക്ഷത്തിന്റെ നീക്കങ്ങൾ. എന്നാൽ വിചാരിക്കാത്ത തലത്തിലേക്ക് കാര്യങ്ങൾ വഴുതിപ്പോകുമെന്ന് മനസ്സിലാക്കാൻ സർക്കാരിനെ നയിക്കുന്നവർക്കും തികഞ്ഞ ബോദ്ധ്യമുണ്ട്. പ്രതിപക്ഷം തന്ത്രപൂർവം ഒരുക്കിയ ഈ കെണിയിൽ വീഴാതെ അപ്പുറം കടക്കേണ്ടത് സർക്കാരിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനവുമാണ്. നിയമസഭാ സമ്മേളനം പടിവാതിൽക്കൽ എത്തി നിൽക്കെ തീരുമാനമെടുക്കാൻ കൂടുതൽ സമയവുമില്ല. പ്രതിപക്ഷം ഒരുക്കുന്ന കുഴിയിൽ സർക്കാർ വീഴരുത്.
പൗരത്വ നിയമത്തിനെതിരായ നിയമസഭാ പ്രമേയത്തെ തള്ളിപ്പറയുക വഴി ഗവർണർ സഭയുടെ അന്തസ്സിനെയാണ് ചോദ്യം ചെയ്യുന്നതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്കു നൽകിയ നോട്ടീസിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സഭയുടെ ബഡ്ജറ്റ് സമ്മേളനം തുടങ്ങുമ്പോൾ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന് പൗരത്വ നിയമവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നീക്കാൻ ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നു. മറ്റു ചില പ്രശ്നങ്ങളിലും സർക്കാർ നടപടികളെ അദ്ദേഹം എതിർക്കുന്നു. സർക്കാരുമായി നിരന്തരം ഏറ്റുമുട്ടാനൊരുങ്ങുന്ന ഇത്തരമൊരു ഗവർണറെ സംസ്ഥാനത്തിന് ആവശ്യമില്ലെന്നും അദ്ദേഹത്തെ രാഷ്ട്രപതി മടക്കി വിളിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഗവർണറിൽ നിന്ന് സർക്കാരിനെ രക്ഷിക്കുകയെന്ന വലിയ ബാദ്ധ്യത സ്വയം ഏറ്റെടുക്കാനുള്ള പ്രതിപക്ഷ നേതാവിന്റെയും അദ്ദേഹത്തോടൊപ്പമുള്ളവരുടെയും ത്യാഗപൂർണമായ ഈ സന്നദ്ധതയ്ക്ക് പിന്നിലെ കുടിലതന്ത്രം മനസ്സിലാക്കാൻ കഴിയാത്തവരായി ആരും കാണുകയില്ല. സംസ്ഥാനത്തെ മുഴുവൻ ജനങ്ങളുടെയും താത്പര്യം പ്രതിഫലിക്കുന്നതാണ് നിയമസഭ പാസ്സാക്കിയ പൗരത്വ പ്രമേയമെന്ന് പ്രതിപക്ഷ നേതാവ് പറയുമ്പോൾ അതേ അളവുകോൽ തന്നെയല്ലേ പാർലമെന്റ് ബഹുഭൂരിപക്ഷത്തോടെ പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിനും ബാധകം? വിവാദനിയമം പരമോന്നത കോടതിയുടെ മുമ്പിലിരിക്കുന്ന സാഹചര്യത്തിൽ വിധി വരുന്നതുവരെ കുറച്ച് ക്ഷമ കാണിക്കാനുള്ള വിവേകം എന്തുകൊണ്ടുണ്ടാകുന്നില്ല? ഗവർണറെ വഴിലിറങ്ങാൻ സമ്മതിക്കില്ലെന്നും മൂക്ക് അറക്കുമെന്നൊക്കെ ജല്പനം നടത്തി കൈയടി നേടാൻ ശ്രമിക്കുന്ന നേതാക്കൾ എന്തു സന്ദേശമാണ് അനുയായികൾക്ക് നൽകുന്നത്?
ഗവർണറെ മടക്കിവിളിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം നിയമസഭ പാസ്സാക്കുന്നുവെന്ന വാദത്തിന് വേണ്ടി സമ്മതിച്ചാൽപ്പോലും അതിന്റെ പരിണാമം എന്താകുമെന്ന് ചിന്തിച്ചിട്ടുണ്ടോ എന്നറിയില്ല. പ്രമേയം ഡൽഹിയിലെത്തുന്ന മാത്രയിൽ പെട്ടിയുമെടുത്ത് അടുത്ത വിമാനം പിടിക്കാൻ ഗവർണർക്ക് ഉത്തരവ് ലഭിക്കുമെന്ന് സ്വബോധമുള്ള ആരും കരുതുകയില്ല. വെറുതെ മലർന്നു കിടന്നു തുപ്പിയാൽ സ്വന്തം മുഖമാണ് ചീത്തയാകുന്നത്. രാഷ്ട്രീയത്തിൽ ഗോളടിക്കാനുള്ള ശ്രമത്തിൽ പന്ത് സ്വന്തം വലയിലാകാതിരിക്കാനും ശ്രദ്ധിക്കണം.