general

ബാലരാമപുരം: രാജ്യാന്തര നിലവാരത്തിലുള്ള പൂങ്കോട് സ്വിമ്മിംഗ്പൂളിൽ ജലം ശുദ്ധീകരണം നടക്കുന്നില്ലെന്ന പരാതിയുമായി രക്ഷകർത്താക്കൾ. സ്വിമ്മിംഗ് പൂളിലെ ഫിൽട്ടർ ഹൗസിലെ മോട്ടോർ കേടായതുമൂലം ജലശുദ്ധീകരണം മുടങ്ങിയിരിക്കുകയാണ്. ഫിൽറ്ററിംഗ് നിലച്ചതോടെ ഓവർഫ്ലോ,​ വേവ് കട്ടിംഗ് സംവിധാനങ്ങളും പ്രവർത്തിക്കുന്നില്ല. സ്വിമ്മിംഗ് പൂളിൽ അഴുക്കിന്റെ സാനിദ്ധ്യം വർദ്ധിച്ചതോടെ നീന്തൽ അഭ്യസിക്കുന്ന കായികവിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. സ്ഥിരം നീന്തൽ പരിശീലനം നടത്തുന്നവർ ഇപ്പോൾ വരാറില്ലെന്നും നാട്ടുകാർ പറയുന്നു. ജലശുദ്ധീകരണം മുടങ്ങുന്നതിനാൽ നീന്തൽ കേന്ദ്രം മുന്നറിയിപ്പില്ലാതെ അടച്ചിടേണ്ട സാഹചര്യമാണെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കൾ പള്ളിച്ചൽ പഞ്ചായത്തിന് പരാതി നൽകി. നീന്തൽ കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണികൾക്കായി വർഷം തോറും 6 ലക്ഷത്തോളം രൂപ പഞ്ചായത്ത് ചെലവിടുന്നുണ്ട്. കെമിക്കൽ ട്രീറ്റ്മെന്റ് വഴി ശുദ്ധീകരണത്തിന് 3 ലക്ഷം രൂപ വിനിയോഗിക്കുന്നുണ്ട്. പൂളിന്റെ അടിത്തട്ടിൽ പാകിയ ടൈൽ ഇളകിയതിനെതുടർന്ന് പരിശീലനത്തിനെത്തിയ കുട്ടിയുടെ കാലിന് പരിക്ക് സംഭവിച്ചിരുന്നു.