1
ദേശീയ പതാക

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാവിലെ 8.30ന് തലസ്ഥാനത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. പതാക ഉയർത്തിയപ്പോൾ വ്യോമസേന ഹെലികോപ്ടർ പുഷ്പവൃഷ്ടി നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, എം.പിമാർ, എം.എൽ.എമാർ, മേയർ കെ. ശ്രീകുമാർ, ചീഫ് സെക്രട്ടറി ടോം ജോസ്, യു.എ.ഇ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, ജർമ്മൻ ഓണററി കോൺസൽ ഡോ. സയിദ് ഇബ്രാഹിം, മാലിദ്വീപ് കോൺസൽ തേർഡ് സെക്രട്ടറി അബ്ദുൾ ലത്തീഫ് അലി, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, ജനപ്രതിനിധികൾ, സ്വാതന്ത്ര്യസമര സേനാനികളായ അഗസ്റ്റി മത്തായി, നാരായണപിള്ള, കെ.ആർ. കണ്ണൻ, സായുധ സേന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സതേൺ എയർ കമാൻഡ് സ്‌ക്വാഡ്രൺ ലീഡർ ബിക്രം സിൻഹയായിരുന്നു പരേഡ് കമാൻഡർ. ദി ഗർവാൾ റൈഫിൾസ് പതിമ്മൂന്നാം ബറ്റാലിയൻ മേജർ രിഷവ് ജംവാൾ സെക്കന്റ് ഇൻ കമാൻഡായി. കരസേന, വ്യോമസേന, അതിർത്തി രക്ഷാസേന, റെയിൽവേ സുരക്ഷാസേന, തമിഴ്‌നാട് പൊലീസ്, സ്‌പെഷ്യൽ ആംഡ് പൊലീസ്, ഇന്ത്യ റിസർവ് ബറ്റാലിയൻ, കേരള വനിത കമാൻഡോസ്, കേരള സായുധ വനിത ബറ്റാലിയൻ, തിരുവനന്തപുരം സിറ്റി പൊലീസ്, ജയിൽ വകുപ്പ്, എക്‌സൈസ് വകുപ്പ്, അഗ്നിരക്ഷാ വകുപ്പ്, വനം വകുപ്പ്, എൻ.സി.സി സീനിയർ ഡിവിഷൻ, എൻ.സി.സി സീനിയർ ഡിവിഷൻ എയർ സ്‌ക്വാഡ്രൺ, എൻ.സി.സി സീനിയർ ഡിവിഷൻ നേവൽ യൂണിറ്റ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ഭാരത് സ്‌കൗട്ട്‌സ്, ഭാരത് ഗൈഡ്‌സ്, അശ്വാരൂഡ സേന, കരസേനയുടെയും പൊലീസിന്റെയും ബാന്റുകൾ എന്നിവർ പരേഡിൽ പങ്കെടുത്തു. സ്‌കൂൾ വിദ്യാർത്ഥികൾ ദേശീയഗാനം ആലപിച്ചു.

കൊല്ലത്ത് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മയും, പത്തനംതിട്ടയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും, ആലപ്പുഴയിൽ മന്ത്രി ജി. സുധാകരനും, കോട്ടയത്ത് മന്ത്രി കെ. കൃഷ്ണൻകുട്ടിയും, ഇടുക്കിയിൽ മന്ത്രി എം.എം. മണിയും, എറണാകുളത്ത് മന്ത്രി എ.സി. മൊയ്‌തീനും, തൃശൂരിൽ മന്ത്രി വി.എസ്. സുനിൽകുമാറും, പാലക്കാട്ട് മന്ത്രി എ.കെ. ബാലനും, മലപ്പുറത്ത് മന്ത്രി കെ.ടി. ജലീലും, കോഴിക്കോട്ട് മന്ത്രി ടി.പി. രാമകൃഷ്ണനും, വയനാട്ടിൽ മന്ത്രി എ.കെ. ശശീന്ദ്രനും, കണ്ണൂരിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും, കാസർകോട്ട് മന്ത്രി ഇ. ചന്ദ്രശേഖരനും ദേശീയപതാക ഉയർത്തി.