തിരുവനന്തപുരം: ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചയാളെ ഭാരവാഹിയാക്കിയെന്നാരോപിച്ച് പുതിയ വൈസ് പ്രസിഡന്റ് മോഹൻശങ്കറിനെതിരെ രംഗത്ത് വന്ന കെ.പി.സി.സി പ്രചാരണസമിതി അദ്ധ്യക്ഷൻ കെ. മുരളീധരനെ തള്ളി മുതിർന്ന നേതാക്കൾ.
'താമരക്കുമ്പിളല്ല മമ ഹൃദയം' എന്നായിരുന്നു കെ. മുരളീധരന്റെ പരിഹാസത്തിൽ കുതിർന്ന വിമർശനം. ബി.ജെ.പി സ്ഥാനാർത്ഥികളായവർക്ക് അടുത്തതവണ നിയമസഭാസീറ്റു നൽകിയാൽ ഒരു വട്ടം കൂടി പ്രതിപക്ഷത്തിരിക്കാമെന്നും അദ്ദേഹം വിമർശിച്ചിരുന്നു. എന്നാൽ, കോൺഗ്രസിന്റെ ആദ്യത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ വിപ്ലവത്തിന് തിരി കൊളുത്തിയ മഹാനുമായ ആർ. ശങ്കറിന്റെ മകനാണ് മോഹൻ ശങ്കറെന്നും 2013ൽ വി.എം. സുധീരൻ കെ.പി.സി.സി അദ്ധ്യക്ഷനായിരിക്കെ കെ.പി.സി.സി എക്സിക്യൂട്ടീവിൽ അദ്ദേഹം അംഗമായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു. പിന്നാക്കക്കാരുടെ വിമോചനത്തിനായി ഗുരുദേവസന്ദേശം ഉയർത്തിപ്പിടിച്ച് ജീവിതാന്ത്യം വരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ നേതാവാണ് ആർ. ശങ്കർ. 2006ൽ ബി.ജെ.പി ടിക്കറ്റിൽ മോഹൻശങ്കർ മത്സരിച്ചെങ്കിലും ആറാം മാസത്തിൽ അതിനോട് വിട പറഞ്ഞു. കൊല്ലം എസ്.എൻ കോളേജിൽ ആർ. ശങ്കറിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാവരണം ചെയ്ത ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടും പോകാതെ, മോഹൻശങ്കറും സഹോദരിയും തിരുവനന്തപുരത്തെത്തി ശങ്കർ പ്രതിമയിൽ ആദരമർപ്പിച്ചു. മോഹൻശങ്കറിന്റെ പേര് നിർദ്ദേശിച്ചത് താനാണ്. മറ്റ് നേതാക്കളെല്ലാം അംഗീകരിച്ചു. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ നാല് പിന്നാക്കക്കാർ മന്ത്രിമാരായിരുന്നു. നിരവധി പിന്നാക്കക്കാർ എം.എൽ.എമാരായുമുണ്ടായി. അങ്ങനെയൊരു സമുദായത്തിന് പരിഗണന കിട്ടുന്നില്ലെന്ന പരാതിയുയർന്നാൽ അത് പരിഹരിക്കേണ്ടേ? കോൺഗ്രസ് നയപരിപാടി അംഗീകരിച്ച് വരുന്നവരെ തിരിച്ചെടുക്കുന്നത് പുതിയതല്ല.
കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി ചേരാറില്ലെന്ന മുരളിയുടെ വിമർശനത്തെയും മുല്ലപ്പള്ളി ഖണ്ഡിച്ചു. താൻ പ്രസിഡന്റായ 16 മാസത്തിനിടെ 12തവണ രാഷ്ട്രീയകാര്യസമിതി ചേർന്നു. ഏറ്റവുമൊടുവിൽ ചേർന്നത് ഒക്ടോബർ 30നാണ്. പിന്നീടിങ്ങോട്ട് പ്രവർത്തിക്കുന്ന നേതാക്കളെല്ലാം 24മണിക്കൂറും തെരുവീഥിയിലാണ്. അങ്ങനെയല്ലാത്തവരെപ്പറ്റി തനിക്കൊന്നും പറയാനില്ല.
ആർ. ശങ്കറിന്റെ മകനെ കെ.പി.സി.സി ഭാരവാഹിയാക്കിയതിൽ അപാകതയില്ലെന്നും, മോഹൻശങ്കറിന്റെ പാരമ്പര്യത്തെ ചോദ്യം ചെയ്യരുതെന്നും എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു. ശങ്കറിന്റെ മകനെ ഭാരവാഹിയാക്കിയതിൽ അപാകതയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. എന്തുകൊണ്ട് തന്നെ വിമർശിക്കുന്നുവെന്നറിയില്ലെന്നും മുരളിയോട് സ്നേഹം മാത്രമാണെന്നും മോഹൻശങ്കർ പറഞ്ഞു. ഭാരവാഹികളായവരെല്ലാം യോഗ്യരാണെന്നും പുറത്തുള്ളവർ അതിലും യോഗ്യരാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.