തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തിൽ ഉറച്ചു നിൽക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രമേയം നിയമസഭ ചർച്ച ചെയ്‌തു പാസാക്കണം. സഭാനേതാവായ മുഖ്യമന്ത്രിയാണ് പ്രമേയം കൊണ്ടുവരേണ്ടിയിരുന്നത്. എന്നാൽ ഭരണപക്ഷം കടമ നിർവഹിക്കാത്തതിനാലാണ് പ്രതിപക്ഷ നേതാവ് എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രമേയത്തിന് നോട്ടീസ് നൽകിയത്.
ബി.ജെ.പിയുടെ അജൻഡയുടെ ഭാഗമാണ് ഗവർണർമാരെക്കൊണ്ട് രാഷ്ട്രീയം കളിപ്പിക്കുന്നത്. മോദിയുടെയും അമിത്ഷായുടെയും പ്രതിനിധിയായിട്ടാണ് ഗവർണർ പ്രശ്നങ്ങളുണ്ടാക്കുന്നത്. നിയമസഭയെയും ജനങ്ങളെയും ഗവർണർ അധിക്ഷേപിച്ചിട്ടും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. ഗവർണറെ കണ്ട് നിയമസഭയുടെ വികാരം ബോദ്ധ്യപ്പെടുത്തേണ്ട ബാദ്ധ്യത മുഖ്യമന്ത്രിക്കുണ്ടായിട്ടും അദ്ദേഹം മൗനം പാലിക്കുകയാണ്. ഇത് അസാധാരണവും ദുരൂഹവുമാണ്.
റിപ്പബ്ലിക് ദിന പരേഡിനു ശേഷം ഗവർണർ മുഖ്യമന്ത്രിയെ വാനോളം പുകഴ്‌ത്തി. ഭരണകക്ഷി പോലും പറയാത്ത പ്രശംസ ഗവർണർ നടത്തിയത് പലവിധ സംശയങ്ങൾക്കും വഴി തുറക്കുന്നു. ഗവർണറുമായി പ്രശ്നമില്ലെന്നും ബന്ധം വഷളാക്കാൻ ആരെയും അനുവദിക്കില്ലെന്നുമുള്ള മന്ത്രി ബാലന്റെ പ്രസ്താവനയും സംശയകരമാണെന്ന് ചെന്നിത്തല പറഞ്ഞു.